തൃശൂർ: പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ അധ്യാപികയെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. 37 വയസുള്ള അധ്യാപികയാണ് അറസ്റ്റിലായത്.
ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പീഡനത്തിനിരയായ വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാർ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കുകയായിരുന്നു. കൗണ്‍സിലറോടാണ് വിദ്യാർഥി വിവരം തുറന്ന് പറഞ്ഞത്.
കൗണ്‍സിലർ അധ്യാപകരെയും ശിശുക്ഷേമ സമിതി അംഗങ്ങളെയും വിവരമറിയിച്ചു. ശിശുക്ഷേമ സമിതി അംഗങ്ങളാണ് പോലീസിന് വിവരങ്ങൾ കൈമാറിയത്.
ട്യൂഷൻ അധ്യാപികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുട്ടി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സമ്മതിച്ചു.
തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അധ്യാപികയെ റിമാൻഡ് ചെയ്തു.
പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ് ഇവർ. കോവിഡ് കാലത്താണ് ട്യൂഷൻ എടുത്തു തുടങ്ങിയത്.
ഇവർ നേരത്തെ ഫിറ്റ്നസ് സെന്‍ററിൽ പരിശീലികയായും ജോലി നോക്കിയിരുന്നു. പീഡനത്തിനിരയായ കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി.
പോലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. മറ്റു കുട്ടികളെ ബാധിക്കുമെന്നതിനാൽ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പേരുവിവരങ്ങൾ പുറത്തു വന്നാൽ ഇവിടെ ട്യൂഷന് പോയിട്ടുള്ള വിദ്യാർഥികൾ മാനസിക വിഷമം നേരിടേണ്ടി വരുമെന്നതിനാലാണിത്.