കോഴിക്കോട്: മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി (പിഎസ്)മാരുടെ യാത്രകള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിനു പുറമെ മറ്റു വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ പൊതുവില്‍ അനുമതിയില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ പിഎസിന്റെ യാത്രയ്ക്ക് പുറമെനിന്നു വാഹനം വാടകയ്ക്ക് എടുത്തത് ചര്‍ച്ചാവിഷയമാകുന്നു.
മുഖ്യമ്രന്തിയുടെ പിഎസിന് അഞ്ചുദിവസം കണ്ണൂരില്‍ യാത്ര ചെയ്യാനാണ് ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 17, 18, 24, മാര്‍ച്ച് ഒന്‍പത്, 10ന് ആണ് വാഹനം വാടകയ്ക്കെടുത്ത് കണ്ണൂരില്‍ യാത്ര ചെയ്തത്.
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വാഹനം ലഭ്യമല്ലായിരുന്നുവെന്നാണ് പുറമെനിന്നു വാഹനം വാടകയ്ക്ക് എടുത്തതിനുള്ള കാരണമായി പറയുന്നത്.
അഞ്ചുദിവസത്തെ വാടക ഇനത്തില്‍ 19,869 രൂപ അനുവദിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
“പിഎസുമാര്ക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിനു പുറമെ മറ്റു വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ അനുമതിയില്ലെങ്കിലും അത്യാവശ്യഘട്ടത്തില്‍ അവര്‍ക്ക് വാഹനം സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന നിബന്ധനയോടെ വാടകയായി 19,869 രൂപ അനുവദിക്കുന്നു’ എന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.