കൊച്ചി: വിലക്കയറ്റിൽ പൊതുജനം നട്ടംതിരിയുന്നതിനിടെ കുതിച്ചുയർന്ന് ഇന്ധനവില. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഡീസലിന് 8.27 രൂപയുടെയും പെട്രോളിന് 7.35 രൂപയും വര്‍ധനവാണ് ഉണ്ടായത്.
ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഉയർന്നു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.42 രൂപയും ഡീസലിന് 103.21 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഏഴു ദിവസം മാത്രമാണ് ഇന്ധനവില വര്‍ധിക്കാത്തത്.
പ്രതിദിനം ഇന്ധനവില കുതിച്ചുയരുകയാണുണ്ടായത്. ഈ മാസം ഒന്നിന് പെട്രോള്‍ ലിറ്ററിന് 102. 32 രൂപയായിരുന്നത് മുപ്പതു ദിവസം പിന്നിട്ടപ്പോള്‍ 109. 42 രൂപയായി ഉയര്‍ന്നു. ഡീസലിന്റെ കാര്യവും വ്യത്യസ്തമല്ല.
മാസത്തിൽ ആദ്യം തന്നെ വില 95.34 രൂപയായിരുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ചു നോക്കിയാല്‍ കൊച്ചിയിലാണ് ഇന്ധനവിലയില്‍ കുറവുള്ളത്.
ഇന്ധനവിലയിലെ വര്‍ധന സാധാരണക്കാരുടെ ജീവിത ബജറ്റ് താളം തെറ്റിക്കുകയാണ്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില അനുസരിച്ചാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ നികുതി ചുമത്തുന്നത് കൂടുകയും കുറയുകയും ചെയ്യുന്നതും വില വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന 54 ശതമാനം നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
വില കുറയ്ക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുകയുണ്ടായി. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇതിനെ എതിര്‍ത്തതിനാല്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.