വടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അന്തരിച്ച പി.കെ. കുഞ്ഞനന്തനെ മഹത്വവത്കരിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആർഎംപിഐ സംസ്ഥാനസെക്രട്ടറി എൻ. വേണുവിന്റെ വക്കീൽ നോട്ടീസ്.
സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളടെയും ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനാണ് കുഞ്ഞനന്തൻ എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കൊലക്കേസ് പ്രതിയെ സംരക്ഷിക്കുന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽനോട്ടീസ് അയച്ചിരിക്കുന്നത്.
ടിപി കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ കേസിലെ പ്രതിയെ പ്രകീർത്തിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവ്യവസ്ഥയുടെ ലംഘനവും കോടതിയെ അവഹേളിക്കുന്നതുമാണ്.
മുഖ്യമന്ത്രി പദവിയിൽ ഇരുന്നുകൊണ്ടുള്ള ഈ പ്രവൃത്തി ഭരണഘടനാ ലംഘനമാണ്. ഹൈക്കോടതിയിൽ എത്തുന്ന അപ്പീൽ കേസിനെ സ്വാധീനിക്കാനുള്ള നീക്കമായി വേണം ഇതിനെ കാണാൻ.
ഈ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി പിൻവലിക്കണമെന്ന് പി. കുമാരൻകുട്ടി മുഖേന അയച്ച വക്കീൽ നോട്ടീസിൽ വേണു ആവശ്യപ്പെട്ടു. പ്രസ്താവന തിരുത്താൻ തയാറായില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോവും.