കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്കിയ വി ഫോര്‍ കൊച്ചിക്കെതിരേയും അതിനെ പിന്തുണച്ച ജസ്റ്റീസ് കെമാല്‍ പാഷയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ആസൂത്രണഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഇല്ലാത്ത ഇക്കൂട്ടര്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിച്ച മേല്‍പ്പാലം ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദേഹം പറഞ്ഞു.
വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.വൈറ്റിലയിലെ മേല്‍പ്പാലം പദ്ധതി മുടങ്ങിക്കിടന്നപ്പോള്‍ ഇവരെ കണ്ടില്ല.
തൊട്ടടുത്ത് നിര്‍മാണത്തിലെ പിടിപ്പുകേടുകൊണ്ട് പാലത്തിന് ബലക്ഷയം സംഭവിച്ചപ്പോഴും ഇവരെക്കണ്ടില്ല. പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തി നേടുകമാത്രമാണ് ഇവരുടെ ലക്ഷ്യം.
ഇവര്‍ കേവലം ചെറിയ കൂട്ടമാണ്. നീതിപീഠത്തിന്റെ ഉന്നതസ്ഥാനം അലങ്കരിച്ചവര്‍ ഇവരുടെ ഇത്തരം പ്രവര്‍ത്തികളെ ന്യായീകരിക്കുന്നത് ശരിയാണോയെന്ന് പരിശോധിക്കണം.
പ്രോത്സാഹനം അരാജകത്വത്തിനും അക്രമത്തിനുമുള്ളതല്ല. ഉത്തരവാദത്വമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണിപൂര്‍ത്തിയായിട്ടും പാലം തുറക്കാന്‍ വൈകുന്നുവെന്നാരോപിച്ച് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാലം തുറന്ന് നല്കുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.
പോലീസ് ഇടപെട്ട് ഈ സംഭവം ഒഴിവാക്കിയതിന് പിന്നാലെ കഴിഞ്ഞ അഞ്ചിന് പാലത്തിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടിരുന്നു. സംഭവത്തില്‍ വി ഫോര്‍ കൊച്ചി സംഘാടകന്‍ നിപുണ്‍ ചെറിയാനടക്കം ഏഴ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.