തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്നു യാത്ര തിരിച്ചു.
പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചത്.ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ഭാര്യ കമല വിജയനും ഒപ്പമുണ്ട്. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാര്‍ക് ക്വീയില്‍ ലോകകേരള സഭ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉള്‍പ്പെടെയുള്ളവരും ലോകകേരള സഭാംഗങ്ങളും പങ്കെടുക്കും.
ജൂണ്‍ 11ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന് പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ജൂണ്‍ 14ന് ന്യൂയോര്‍ക്കില്‍നിന്ന് ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15, 16 തിയതികളില്‍ ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
ആരോഗ്യ മന്ത്രി വീണ ജോര്‍ജും ക്യൂബ സന്ദര്‍ശന സംഘത്തിലുണ്ട്. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും.
ജോസ് മാര്‍ട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഈ മാസം 19ന് മുഖ്യമന്ത്രി മടങ്ങിയെത്തും.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത് ധൂര്‍ത്താണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.