കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ഒരാണ്ട് തികയുമ്പോഴും സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കുറവില്ല. കഴിഞ്ഞ ആറു മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 2180 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 212 എണ്ണവും ആലുവ സംഭവത്തിലെ നടുക്കം വിട്ടുമാറാത്ത എറണാകുളം ജില്ലയിലാണ്. 74 എണ്ണം സിറ്റി പരിധിയിലും 134 എണ്ണം റൂറലിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം 289, കൊല്ലം 203, പത്തനംതിട്ട 81, ആലപ്പുഴ 140, കോട്ടയം 105, ഇടുക്കി 109, തൃശൂര്‍ 174, പാലക്കാട് 144, മലപ്പുറം 242, കോഴിക്കോട് 199, വയനാട് 91, കണ്ണൂര്‍ 99, കാസര്‍ഗോഡ് 87, റെയില്‍വേ പോലീസ് 5 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍.
പ്രതികളില്‍ ഭൂരിഭാഗം പേരും മുതിര്‍ന്നവരാണ്. ഇതരസംസ്ഥാനക്കാര്‍ക്കു പുറമേ ഇരകളുടെ ബന്ധുക്കളും കുടുംബസുഹൃത്തുക്കളുമാണ് ഒട്ടുമിക്ക കേസുകളിലും പ്രതിസ്ഥാനത്ത്. ഇതിനുപുറമേ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമം, നഗ്നതാ പ്രദര്‍ശനം തുടങ്ങിയ നിരവധി കേസുകളും വര്‍ധിക്കുകയാണ്.
ലൈംഗികാതിക്രമങ്ങള്‍ക്കു പുറമേ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരം കേസുകളില്‍ പ്രതികളായിരിക്കുന്നത് ഇതരസംസ്ഥാനക്കാരാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷംതോറും വര്‍ധിച്ചുവരുന്നതായാണു പോലീസിന്റെ കണക്കുകളും പറയുന്നത്. കഴിഞ്ഞവര്‍ഷം 4641 പോക്സോ കേസുകളാണ് സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തത്.