കോഴിക്കോട്: വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷ്വറന്‍സ് ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകളില്‍ ജനറല്‍ ഡയറി എന്‍ട്രി(ജിഡി എന്‍ട്രി)ക്ക് വേണ്ടി കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. സ്റ്റേഷനുകളില്‍ നേരിട്ട് ചെന്ന് ജിഡി എന്‍ട്രി ചോദിച്ച് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല.
ജിഡി എന്‍ട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ ‘പോല്‍ ആപ്പില്‍’ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ വിശദീകരിക്കുകയാണ് പോലീസ്.
സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒടിപി മൊബൈലില്‍ വരും. ശേഷം ആധാര്‍ നമ്പര്‍ നല്കി റജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. ഒരിക്കല്‍ രജിസ്ട്രേഷന് നടത്തിയാല്‍ പിന്നെ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതിയാകും.
വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സിന് ജിഡി എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതില്‍ അപേക്ഷകന്റെ വാഹനാപകട സംബന്ധമായതുമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.
അപേക്ഷയിന്മേല് പോലീസ് പരിശോധന പൂര്‍ത്തിയായ ശേഷം ജിഡി എന്‍ട്രി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. പൊതുജനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ പോല്‍ ആപ്പില്‍ ലഭ്യമാണെന്നും പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ അറിയിച്ചു.