കൊച്ചി: വിവാദമായ പോലീസ് ആക്ട് ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഭേദഗതി ഉടൻ നടപ്പാക്കില്ലെന്നും ഇതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ഇക്കാര്യം സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, ഭേദഗതിയിൽ നടപടി സ്വീകരിക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും നിർദേശം നൽകി. പരാതി ലഭിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കരുതെന്ന് പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഡിജിപി വ്യക്തമാക്കിയത്.
പരാതി ലഭിച്ചാൽ പോലീസ് ആസ്ഥാനത്തെ നിയമസെല്ലുമായി ബന്ധപ്പെടണം. നിയമസെല്ലിന്റെ നിർദേശം അനുസരിച്ചു മാത്രമേ തുടർ നടപടി സ്വീകരിക്കാൻ പാടുള്ളുവെന്നും സർക്കുലറിൽ പറയുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പടെയുള്ളവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.