കണ്ണൂർ: മദ്യലഹരിയിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരിയുടെ വീട്ടിൽ കയറി മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി. പ്രദീപനെതിരെയാണ് ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കും ശിപാർശ ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പ്രദീപൻ ടി.വി മദ്യലഹരിയിൽ കണ്ണൂരിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് കേസ്.
സംഭവത്തിൽ ഇന്നലെ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കൊ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.