പാലാ: പോക്സോ കേസിലെ പ്രതിക്കു പിന്നാലെ സിനിമാ സ്റ്റൈൽ ചേസിംഗ്. പരിക്ക് വകവയ്ക്കാതെയും പിന്നാലെ പോയി പ്രതിയെ പിടിച്ച് വനിതാ എസ്ഐയും പോലീസുകാരും.
ഇന്നലെ രാമപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ചക്കാന്പുഴ വലിയമരുത് ഭാഗത്ത് വച്ചാണ് പോക്സോ കേസിലെ പ്രതിയും കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയുമായ മുളക്കുളം പെരുവ അവർമ്മ കാപ്പിക്കരയിൽ ആകാശിനെ(26) സാഹസികമായി കൂത്താട്ടുകുളം പോലീസ് പിടികൂടിയത്.
ആകാശ് വാഹനമിടിപ്പിച്ചതിനെത്തുടർന്നു കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ ശാന്തി കെ. ബാബു, പോലീസുകാരായ രജീഷ്, ജോഷി, രഞ്ജിത്ത്, ബിജുജോണ്, അനൂപ്, ജയേഷ് എന്നിവർക്ക്് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവങ്ങൾ. കൂത്താട്ടുകുളം സ്റ്റേഷനിൽ പോക്സോ കേസിൽ വാറണ്ട് പ്രതിയായ ആകാശ് കാറിൽ പാലാ റൂട്ടിൽ പോയിട്ടുണ്ടെന്നു വിവരം കിട്ടിയതിനെത്തുടർന്നാണ് വനിതാ എസ്ഐ ശാന്തിയും പോലീസുകാരും പിന്നാലെ പോലീസ് ജീപ്പിൽ പാഞ്ഞത്.
പാലായിലെത്തിയ ആകാശ് പോലീസ് പിന്നാലെ വരുന്നതു കണ്ട് അതിവേഗം ഈരാറ്റുപേട്ടയിലേക്ക് കാറോടിച്ചു. ഈരാറ്റുപേട്ട ടൗണിന് സമീപം ആകാശിന്റെ കാർ കൂത്താട്ടുകുളം പോലീസ് തടഞ്ഞെങ്കിലും വഴിയിലിറങ്ങിനിന്ന പോലീസിനുനേരെ അതിവേഗം കാർ ഓടിച്ചുവന്നു വാഹനം തട്ടിയിട്ട് കടന്നുപോയി.
എസ്ഐ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു.ഇതു വകയവയ്ക്കാതെ എസ്ഐയും സംഘവും ആകാശിന് പിന്നാലെ പാഞ്ഞു. പാലാ എഎസ്പിയുടെ നിർദേശപ്രകാരം പാലാ, രാമപുരം പോലീസും വഴിയിലിറങ്ങി. ഇവരെയെല്ലാം വെട്ടിച്ച് ആകാശ് രാമപുരം റൂട്ടിലേക്ക് കാർ പായിച്ചു.
ചക്കാന്പുഴ എത്തിയ ഇയാൾ ഇടക്കോലി റൂട്ടിലേക്ക് കയറിയ ഉടൻ കൂത്താട്ടുകുളം പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു. അതിവേഗതയിൽ മുന്നോട്ടുവന്ന കാർ ആദ്യം കൂത്താട്ടുകുളം പോലീസിന്റെ ജീപ്പിലും പിന്നീട് പാലാ പോലീസിന്റെ ജീപ്പിലും ഇടിപ്പിച്ചു.
ആക്രമണത്തിൽ വനിതാ എസ്ഐയ്ക്കും പോലീസുകാർക്കും കൂടുതൽ പരിക്കേറ്റു. കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്നാലെ പാഞ്ഞ് പിടികൂടുകയായിരുന്നു.മൽപിടിത്തത്തിനൊടുവിൽ ഇയാളെ കീഴടക്കി കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പരിക്കേറ്റ എസ്ഐയെയും പോലീസുകാരേയും പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് സംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും കൃത്യനിർവഹണം തടസപ്പെടുത്തിയ സംഭവത്തിലും പൊതുമുതൽ നശിപ്പിച്ചതിനും ആകാശിനെതിരെ രാമപുരം, ഈരാറ്റുപേട്ട സ്റ്റേഷനുകളിൽ കേസെടുത്തു.
സംഭവത്തിലുൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റ് വകുപ്പുകളും ചേർക്കുമെന്ന് പാലാ എഎസ്പി നിധിൻ രാജ് പറഞ്ഞു.