അന്പലപ്പുഴ; പോലീസിന് എന്തും ചെയ്യാമെന്ന് കരുതിയാല്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ ഉണ്ടെന്നുള്ളതാണ് കഴിഞ്ഞ ദിവസത്തെ പോലീസ് കംപ്ലൈന്റ് അഥോറിറ്റിയുടെ വിധി സൂചിപ്പിക്കുന്നത്.
കാക്കിയുടെ ബലത്തില്‍ അകാരണമായി കൈകാര്യം ചെയ്യപ്പെട്ടതില്‍ മനംനൊന്ത് യുവാവ് നല്കിയ പരാതിയിലാണ് വിധി. ദേഹോപദ്രവം ഏല്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.
പുന്നപ്ര തെക്ക് ആറാം വാര്‍ഡില്‍ കളരിക്കൽ വീട്ടിൽ മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സൗത്ത് എസ്.ഐ ആയിരുന്ന എൻ. കെ രാജേഷ്, പ്രൊബഷൻ എസ്.ഐ യായിരുന്ന സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് മനോജിനെ ദേഹോപദ്രവം ഏല്‍പ്പിച്ചത്.
2017 ലാണ് സംഭവം. മനോജ് മത്സ്യകൃഷി നടത്തിവരികയായിരുന്നു. ആലപ്പുഴയിലെ ഒരു കുളത്തില്‍ കൃഷി ചെയ്ത മീനുകളെ ബൈപ്പാസിലെ ക്വട്ടേഷന്‍ സംഘം പിടിക്കുന്നതായ വിവരം അറിഞ്ഞ് മനോജ് സ്ഥലത്തെത്തി.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് സൗത്ത് എസ്.ഐ ആയിരുന്ന രാജേഷും സംഘവും എത്തി മാരകായുധങ്ങള്‍ ഉള്‍പ്പെടെ സംഘത്തെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.
ഇവര്‍ പിടികൂടിയ മീനും കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ എത്തിയശേഷം ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഫോണ്‍വിളികള്‍ വന്നതോടെ പ്രതികള്‍ക്കെതിരെ കേസെടുക്കാതെ വിട്ടയച്ചു.
ദിവസങ്ങള്‍ക്കുശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി മനോജിനെ രാജേഷ് വിളിച്ചുവരുത്തി. ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധമുള്ള രാജേഷിന്റെ വിളിയില്‍ സംശയം തോന്നിയ മനോജ് തന്റെ മൊബൈല്‍ റെക്കോര്‍ഡില്‍ ഇട്ടിരുന്നു. ഇത് അറിയാതെയായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ മനോജിനെ കൈകാര്യം ചെയ്തത്. വിവരമറിഞ്ഞ് മൊബൈല്‍ കൈക്കലാക്കാനും രാജേഷ് ദേഹോപദ്രവം ഏല്‍പ്പിച്ചു.
ഇതെല്ലാം പോലീസ് കംപ്ലൈന്റ് അഥോറിറ്റിക്ക് തെളിവായി നല്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടാണ് ഡിപ്പാർട്ട്മെന്റ്തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും കൊച്ചി റേഞ്ച് ഐ.ജി യ്ക്കും നിർദേശം നൽകിയത്.
നടപടി സ്വീകരിച്ച വിവരം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സൗത്ത് എസ്ഐ ആയിരുന്ന എന്‍.കെ.രാജേഷ് പിന്നീട് നോര്‍ത്ത് സി.ഐ ആയി ചുമതലയേറ്റിരുന്നു.
തെരഞ്ഞെടുപ്പുചട്ടത്തിന്റെ ഭാഗമായി സ്ഥലം മാറിയ രാജേഷ് മണ്ണഞ്ചേരി സ്റ്റേഷനില്‍ അടുത്ത ദിവസം സിഐ ആയി ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് അച്ചടക്കനടപടിക്ക് വിധേയനായിരിക്കുന്നത്. മനോജിനു വേണ്ടി അഭിഭാഷകരായ ചാൾസ് ഐസക്ക്, അസ്ഹർ അഹമ്മദ് എന്നിവര്‍ ഹാജരായി.