മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ പോലീസ് ഇൻസ്പെക്ടർക്കെതിരേ കേസ്. അകോല ജില്ലയിലാണു സംഭവം. 22കാരിയാണു പരാതിക്കാരി. അകോല ജില്ലയിലെ ഖദാൻ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ധനഞ്ജയ് സെയ (53) റിനെതിരേയാണ് കേസ്.
യുവതിയുടെ പിതാവിന്റെ പരിചയക്കാരനാണ് ധനഞ്ജയ്. മത്സരപ്പരീക്ഷകൾക്കു തയാറെടുക്കാൻ സഹായിക്കാനെന്ന വ്യാജേന ധനഞ്ജയ് തന്നെ ഇടയ്ക്ക് വിളിച്ചിരുന്നുവെന്നു യുവതി പരാതിയിൽ പറയുന്നു. തനിക്കൊപ്പം താമസിക്കാനും ഇയാൾ യുവതിയെ നിർബന്ധിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി ധനഞ്ജയ്യുമായുള്ള ഫോൺ വിളി അവസാനിപ്പിച്ചു.
പിന്നീട് യുവതിയുടെ വിലാസം കണ്ടെത്തിയ ധനഞ്ജയ് ശനിയാഴ്ച വീട്ടിലെത്തുകയും ജോലിക്കിറങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടർന്ന് ഇയാൾ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു.