തിരുവനന്തപുരം: കാക്കി യൂണിഫോം പോലീസിന് മാത്രമാക്കണമെന്നും മറ്റ് സേനാ വിഭാഗങ്ങളുടെ യൂണിഫോമിന്റെ കളറിൽ മാറ്റം വരുത്തണമെന്നും ഡിജിപി സംസ്ഥാന സർക്കാരിന് ശിപാർശ ചെയ്തു.
എഡിജിപി മാരുടെ യോഗത്തിൽ ഉയർന്ന ആവശ്യമാണ് സംസ്ഥാന പോലീസ് മേധാവി ശിപാർശയായി ആഭ്യന്തരവകുപ്പിന് സമർപ്പിച്ചത്.
ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ഡിജിപി സർക്കാരിന് നൽകിയത്.എക്സൈസ്, ജയിൽവകുപ്പ്, മോട്ടോർവാഹന വകുപ്പ്, വനംവകുപ്പ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, സ്റ്റുഡന്റസ് പോലീസ് കേഡറ്റിന് പരിശീലനം നൽകുന്ന അധ്യാപകർ ഉൾപ്പെടെ കാക്കിയാണ് ഉപയോഗിക്കുന്നത്.
മറ്റ് സേനകളിലുള്ളവരുടെ ഭാഗത്ത് നിന്നുണ്ടകുന്ന പല വീഴ്ചകളും പോലീസിന്റെ മേലിൽ ചുമത്തപ്പെടുകയാണ്. പലപ്പോഴും പൊതുജനങ്ങളിൽ ആശയകുഴപ്പം ഉണ്ട ാക്കുന്നുവെന്നും എഡിജിപിമാരുടെ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
ക്രമസമാധാനപാലനം കൈകാര്യം ചെയ്യുന്ന സേന പോലീസ് മാത്രമാണ്. അതിനാൽ കാക്കി യൂണിഫോം പോലീസിന് മാത്രമാക്കണമെന്നും മറ്റ് വിഭാഗങ്ങൾക്ക് യൂണിഫോമിന്റെ നിറത്തിൽ മാറ്റം വരുത്തണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ അഭിപ്രായപ്പെട്ടത്.
ഫയർഫോഴ്സും ജയിൽ വകുപ്പും വനംവകുപ്പും ക്രമസമാധാന ചുമതയിൽ ഉള്പ്പെടുത്താത്തിനാൽ കാക്കിക്ക് പകരം മറ്റൊരു യൂണിഫോം നൽകണം എന്നാണ് ആവശ്യം.