പോലീസുകാരെന്താ സ്വിഗ്ഗിയിലും സൊമാറ്റോയിലും പാര്‍ട്ട്ടൈമായി ജോലി നോക്കുന്നോ എന്ന് പ്രഥമദൃഷ്ട്യാ തോന്നിപ്പോകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്.
യുകെയിലെ ബെര്‍ക്ക്ഷെയറിലുള്ള വുഡ്ലിയിലാണ് കബാബ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ പോലീസുകാരന് ഭക്ഷണവുമായി എത്തിയത്. എന്നാല്‍ പോലീസുകാരന് ഡെലിവറി ബോയ് ആയി എത്തിയതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്.
ഡെലിവറിയുമായി ഡെലിവറി ബോയ് പാഞ്ഞുവരുമ്പോഴാണ് പോലീസ് വണ്ടി പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡെലിവറി ബോയിയുടെ വാഹനത്തില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലെന്നു കണ്ടെത്തി.
മാത്രമല്ല ഡെലിവറി ബോയിയുടെ കയ്യില്‍ ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സ് പേപ്പറുകളോ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ടയറുകളും പ്രശ്നമായിരുന്നു. കൂടാതെ ഡെലിവറി ബോയ് ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസിന് സംശയമുണ്ടായി.
ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ തേംസ് വാലി പൊലീസ് റോഡ്സിലെ പോലീസ് സംഘം യുവാവിനെ പിടികൂടുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കാര്‍ പിടിച്ചെടുക്കുമ്പോള്‍ കാറിനകത്ത് ഭക്ഷണപ്പൊതി കണ്ട പോലീസ് യുവാവിനോട് കാര്യങ്ങള്‍ തിരക്കി.
തുടര്‍ന്ന് അത് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. സംഭവം പിന്നീട് വലിയ വാര്‍ത്തയായി മാറി.
പോലീസിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തി. ഇതൊരു സ്പെഷ്യല്‍ ഡെലിവറി ആണെന്നും പോലീസുകാരന് മനുഷ്യത്വമുള്ളവനാണെന്നും ചിലര്‍ കമന്റ് ചെയ്തു.