വത്തിക്കാൻ: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ പ്രാധാന്യം ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ എഴുതിയ ചാക്രിക ലേഖനം ‘ദിലേക്സിത്ത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) പ്രസിദ്ധീകരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നാലാമത് ചാക്രികലേഖനമാണിത്.
ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തു സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹമകറ്റുന്ന ക്രിസ്തുവിന്റെ ഹൃദയം, സ്നേഹത്തിലൂടെ സ്നേഹത്തിലേക്ക് നയിക്കപ്പെടുക എന്നീ ചിന്തകളാണു ചാക്രികലേഖനത്തിന്റെ അഞ്ച് അധ്യായങ്ങളിലായി മാർപാപ്പ വിശകലനം ചെയ്യുന്നത്. അവന്റെ നമ്മോടുള്ള സ്നേഹം, മറ്റുള്ളവരെ സ്നേഹിക്കാനും, അവർക്ക് ശുശ്രൂഷ ചെയ്യാനും നമ്മെ വിളിക്കുകയും, അയയ്ക്കുകയും ചെയ്യുന്നു. അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും തന്റെ സൗഹൃദം നൽകാനായി കാത്തിരിക്കുന്നു-ചാക്രികലേഖനത്തിൽ മാർപാപ്പ ഓർമിപ്പിക്കുന്നു.
ദൈവവുമായി വ്യക്തിബന്ധമില്ലാത്ത ശൈലിയിലുള്ള മതാത്മകതയുടെ ചിന്തകൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തിലും സ്നേഹത്തിലും വളരാനും വിശ്വാസത്തിന്റെ ആർദ്രതയും ശുശ്രൂഷയുടെ ആനന്ദവും മിഷനറി തീക്ഷ്ണതയും തിരിച്ചറിയാനും ചാക്രികലേഖനത്തിലൂടെ മാർപാപ്പ ക്ഷണിക്കുന്നു.
യുദ്ധങ്ങളുടെയും സാമൂഹിക, സാമ്പത്തിക അസമത്വങ്ങളുടെയും ഉപഭോക്തൃസംസ്കാരത്തിന്റെയും മാനവികതയ്ക്കെതിരായ സാങ്കേതികവിദ്യയുടെയും ഇടയിൽ ജീവിക്കുന്ന നമ്മുടെ ലോകത്തിന് ആർദ്രതയുള്ള ഒരു ഹൃദയം തിരികെ നൽകണമേയെന്നും മുറിവേറ്റ നമ്മുടെ ഭൂമിയുടെമേൽ ദൈവത്തിന്റെ പ്രകാശവും സ്നേഹവും വർഷിക്കണമേയെന്നും നമ്മെ വേദനിപ്പിക്കുന്ന നമ്മുടെ മുറിവുകളെ യേശുവിന്റെ തിരുഹൃദയത്തിൽനിന്ന് ഒഴുകുന്ന ജീവജലത്താൽ സുഖപ്പെടുത്താനും സ്നേഹിക്കാനും ശുശ്രൂഷിക്കാനുമുള്ള നമ്മുടെ കഴിവുകളെ ശക്തിപ്പെടുത്താനും വേണ്ടിയും ചാക്രികലേഖനത്തിൽ മാർപാപ്പ പ്രാർഥിക്കുന്നു. 1673ൽ വിശുദ്ധ മാർഗരീത്ത മരിയ അലക്കോക്കിന് യേശുവിന്റെ തിരുഹൃദയദർശനം ലഭിച്ചതിന്റെ 350-ാം വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്.