എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലേക്ക് കടക്കുന്പോഴും ഇടതു-വലതു മുന്നണികളിൽ സ്ഥാനാർഥികളെച്ചൊല്ലിയുള്ള തർക്കം രൂക്ഷം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ നിർദേശിച്ച പല സ്ഥാനാർഥികൾക്കുമെതിരേ പ്രതിഷേധവും പോസ്റ്റർ യുദ്ധവും തുടരുന്നു.
തർക്കം രൂക്ഷമായ പല മണ്ഡലങ്ങളിലും പ്രശ്നപരിഹാരത്തിന് നേതൃത്വം ഇടപെട്ടെങ്കിലും അണികൾ പിന്തിരിയാതെ പ്രതിഷേധവുമായി നിൽക്കുന്നത് മുന്നണികൾക്ക് വലിയ തലവേദനയായിരിക്കുകയാണ്.
എൽഡിഎഫിൽ സിപിഎം മത്സരിക്കുന്ന കളമശേരിയിലും എൻസിപി മത്സരിക്കുന്ന എലത്തൂരിലും ഇന്ന് പുലർച്ചെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ യുഡിഎഫിന് തലവേദനയായി കഴക്കൂട്ടത്ത് കോൺഗ്രസ് പരിഗണിക്കുന്ന സ്ഥാനാർഥി എസ്.എസ് ലാലിനെതിരേയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
അരുവിക്കരയിൽ സിപിഎം സംസ്ഥാന നേതൃത്വം നിർദേശിച്ച സ്ഥാനാർഥിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടരുകയാണ്.
ചന്ദ്രൻപിള്ള മതിയെന്ന്
സിഐടിയു നേതാവ് കെ. ചന്ദ്രൻപിള്ളയ്ക്ക് അനുകൂലമായാണ് കളമശേരി മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഏലൂരിലെ പാർട്ടി ഓഫീസിന് എതിർവശത്തും മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പിലും കളമശേരി പാർട്ടി ഓഫീസിന് മുന്നിലുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാർ പ്രതികരിക്കും, ചന്ദ്രൻപിള്ള കളമശേരിയുടെ സ്വപ്നം, വെട്ടി നിരത്തൽ എളുപ്പമാണ് വോട്ട് പിടിക്കാനാണ് പാട്. സംസ്ഥാന നേതൃത്വം നിർദേശിച്ച പി.രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങൾ ആണ് പോസ്റ്ററുകളിൽ ഉള്ളത്.
ചന്ദ്രൻ പിള്ളയ്ക്ക് പകരം പി.രാജീവിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനമാണ് ഇവിടെ പ്രതിഷേധത്തിന് കാരണം.
ശശീന്ദ്രനെതിരേ
മന്ത്രി എ.കെ ശശീന്ദ്രനെതിരേ കൊച്ചിയിലും എലത്തൂരിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എറണാകുളം പ്രസ് ക്ലബിനു സമീപവും അധ്യപക ഭവന്റെ മുന്നിലുമാണ് പോസ്റ്ററുകൾ.
27 വർഷം എൽഎയും ഒരു തവണ മന്ത്രിയുമായ ശശീന്ദ്രൻ മത്സര രംഗത്തു നിന്ന് പിൻമാറുക, ഫോൺവിളി വിവാദം മറക്കരുത്, എൻസിപിയെ രക്ഷിക്കുക എന്നൊക്കെയാണ് പോസ്റ്ററിലെ വാചകങ്ങൾ. എലത്തൂരിൽ യുവാക്കളെ പരിഗണിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം.
മധുവിനെ വേണം
അരുവിക്കരയിൽ ജില്ലാ നേതൃത്വം നിർദേശിച്ച വി.കെ മധുവിനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന ഉറച്ച നിലപാടിലാണ് അണികളും ജില്ലാ നേതൃത്വവും. സോഷ്യൽ മീഡിയയിൽ വി.കെ മധുവിന് അനുകൂലമായി പ്രചരണം നടക്കുകയാണ്.
സംസ്ഥാന നേതൃത്വം നിർദേശിച്ച ജി.സ്റ്റീഫന് വിജയ സാധ്യത ഇല്ലെന്നും യുഡിഎഫുമായുള്ള ഒത്തുകളിയുടെ ഭാഗമാണ് സ്റ്റീഫന്റെ സ്ഥാനാർഥിത്വവുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കടുത്ത പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും നടക്കുന്ന സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും അരുവിക്കരയിലെ സ്ഥാനാർഥിത്വം ചർച്ച ചെയ്യും. ജില്ലാ നേതൃത്വം വീണ്ടും ഏകകണ്ഠമായി വി.കെ മധുവിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചതിനാലും പ്രതിഷേധവും കണക്കിലെടുത്ത് വി.കെ മധുവിനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
പ്രൊഫഷനണലുകളെയല്ല മറിച്ചു പൊളിറ്റിഷ്യനെയാണ് വേണ്ടതെന്നും കോൺഗ്രസിന് വിജയ സാധ്യതയുള്ള സമയത്ത് ഇറക്കുമതി സഥാനാർഥിയെ കഴക്കൂട്ടത്തിന് വേണ്ട എന്ന തരത്തിലാണ് പോസ്റ്ററുകൾ ആണ് കഴക്കൂട്ടത്ത് എസ്.എസ് ലാലിനെതിരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാൽ പോസ്റ്ററിൽ കോൺഗ്രസിനെ സ്നേഹിക്കുന്ന പ്രവർത്തകർ എന്ന് മാത്രമാണ് ഉള്ളത്. പാർട്ടിയുമായോ പ്രവർത്തകരുമായോ പോസ്റ്ററുകൾക്ക് ബന്ധമില്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം അറിയിച്ചു. എസ്.എസ് ലാലിനെ സ്ഥാനാർഥിയാകുന്നതിൽ നേതാക്കൾക്കിടയിൽ വിഭാഗിയത രൂക്ഷമാണ്.
വിഷ്ണുനാഥിനെതിരേ
അതേ സമയം പി.സി. വിഷ്ണുനാഥിന് കൊല്ലം സീറ്റ് നൽകരുതെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ കൊല്ലം നഗരത്തിൽ പ്രത്യക്ഷപ്പെട്ടു. കൊല്ലത്തേക്ക് സ്ഥാനാർഥിയെ കെട്ടിയിറക്കരുതെന്ന അഭ്യർഥിച്ചും ബിന്ദുകൃഷ്ണയെ അനുകൂലിച്ചുമുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
ഗ്രൂപ്പുതിന്നുജീവിക്കുന്ന ദേശാടനക്കിളി വിഷ്ണുനാഥിനെ കൊല്ലത്തിനുവേണ്ട, കൊല്ലത്തിന് ബിന്ദുകൃഷ്ണതന്നെ മതി എന്നിങ്ങനെ പോകുന്നു പോസ്റ്ററിലൂടെയുള്ള അഭ്യർഥന.
കെ.സിക്കെതിരേ യൂത്ത്
അതേസമയം വീണ്ടും മത്സരിക്കാനുള്ള കെ.സി. ജോസഫിന്റെ നീക്കത്തിനെതിരേ യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി. വർഷങ്ങളായി ഇരിക്കൂറിലെ എംഎൽഎയായ കെ.സി. ജോസഫ് കോട്ടയത്തേക്ക് മാറാനുള്ള നീക്കം നടത്തവേയാണ് യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തിയത്.
തരൂരിൽ പി.കെ. ജമീലയെ സ്ഥാനാർഥിയാക്കേണ്ടെന്ന് ജില്ലാ നേതൃത്വം തീരുമാനിച്ചതിനാൽ ഇവിടത്തെ പ്രതിഷേധം കെട്ടടങ്ങിയിട്ടുണ്ട്.
കണ്ണൂരിൽ പി.ജയരാജനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്തു വന്ന ധീരജ് കുമാറിനെ പാർട്ടി പുറത്താക്കുകയും പി.ജയരാജൻ തനിക്കനുകൂലമായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണത്തിനെതിരേ രംഗത്തു വരികയും ചെയ്തതോടെ ഇവിടെയും പ്രതിഷേധം കെട്ടടങ്ങിയിട്ടുണ്ട്. ഇപ്പോൾ എൽഡിഎഫിൽ ചങ്ങനാശേരി സീറ്റിനായുള്ള തർക്കമാണ് സജീവമായി നിലനിൽക്കുന്നത്.
ഈ സീറ്റിനായി സിപിഐയും കേരളാകോൺഗ്രസ് ജോസ്.കെ.മാണി വിഭാഗവും ഉറച്ചു നിൽക്കുകയാണ്. ഇന്നുകൊണ്ട് അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മും.