ബാക്കു (അസർബൈജാൻ): പ്രായം പതിനെട്ടേയുള്ളൂ എങ്കിലും ബുദ്ധി രാക്ഷസനാണെന്നു വീണ്ടും തെളിയിച്ച് ഇന്ത്യയുടെ രമേഷ്ബാബു പ്രഗ്നാനന്ദ.
2023 ലോകകപ്പ് ചെസ് ഫൈനലിൽ ഒന്നാം നന്പർ താരമായ മാഗ്നസ് കാൾസണുമായി രണ്ടാം ഗെയിമിലും പ്രഗ്നാനന്ദ സമനില പാലിച്ചു. ആദ്യ മത്സരത്തിൽ 35 നീക്കത്തിനുശേഷമാണ് ഇരുവരും സമനിലയിൽ പിരിഞ്ഞതെങ്കിൽ രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾ മാത്രമാണുണ്ടായിരുന്നത്.
അഞ്ചു തവണ ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ ലോക ഒന്നാം നന്പർ താരമായ കാൾസനെതിരേ രണ്ടാം ഗെയിമിൽ പ്രഗ്നാനന്ദയ്ക്കായിരുന്നു തുടക്കത്തിൽ മുൻതൂക്കം. വെള്ള കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ തുടക്കത്തിൽ ലീഡ് നേടി. എന്നാൽ, അതു നിലനിർത്താനും സമയം പാലിക്കാനും പ്രഗ്നാനന്ദയ്ക്കു സാധിച്ചില്ല. അതോടെയാണു മത്സരം സമനിലയിൽ കലാശിച്ചത്.
ടൈബ്രേക്കർ ഇങ്ങനെ
ആദ്യ രണ്ട് ഗെയിമും സമനിലയിൽ കലാശിച്ചതോടെയാണു ടൈബ്രേക്കറിന്റെ ആവശ്യം വന്നത്. ടൈബ്രേക്കറിൽ റാപ്പിഡ് ഫോർമാറ്റിൽ രണ്ടു ഗെയിം വീതം കളിക്കും. 10 മിനിറ്റ് വീതമാണ് ഇരുവർക്കും ഓരോ ഗെയിമിനും ലഭിക്കുക. അതായത്, ഒരു മത്സരത്തിന്റെ നിശ്ചിത സമയം 20 മിനിറ്റ്.
ഇതോടൊപ്പം ഓരോ നീക്കത്തിനും 10 സെക്കൻഡ് ഇൻക്രിമെന്റും ഉണ്ടായിരിക്കും. ഏതായാലും 2023 ഫിഡെ ലോകകപ്പ് ചെസ് രാജാവ് ഇന്ന് നിശ്ചയിക്കപ്പെടും.
ഇതു കാലം വേറെ
ഫിഡെ ലോകകപ്പ് ചെസിന്റെ ഫൈനലിൽ പ്രവേശിച്ച, ചാന്പ്യൻപട്ടം കരസ്ഥമാക്കിയ ഏക ഇന്ത്യക്കാരൻ വിശ്വനാഥൻ ആനന്ദാണ്.
2000ലെ കന്നി ലോകകപ്പിലും 2002ലെ രണ്ടാം ലോകകപ്പിലുമായിരുന്നു അത്. അതിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ലോകകപ്പ് ചെസ് ഫൈനലിൽ പ്രവേശിക്കുന്നത്. എന്നാൽ, ആനന്ദിന്റെ കാലത്തെ കളിയല്ല ഇതെന്നതാണു മറ്റൊരു യാഥാർഥ്യം.
ആനന്ദ് ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ലോക ചെസ് ചാന്പ്യൻഷിപ്പുമായി ടൂർണമെന്റിനു നേരിട്ട് ബന്ധമില്ലായിരുന്നു. എന്നാൽ, 2005 മുതൽ ലോകകപ്പിലെ മുന്പന്മാർ ലോക ചെസ് ചാന്പ്യൻഷിപ്പിനുള്ള കാൻഡിഡേറ്റ് ടൂർണമെന്റിലേക്കുള്ള യോഗ്യതയും കരസ്ഥമാക്കി.
2023 ലോകകപ്പ് ഫൈനലിൽ എത്തിയതോടെ പ്രഗ്നാനന്ദ 2024 കാൻഡിഡേറ്റ് ടൂർണമെന്റിൽ ഇടം പിടിച്ചു. 2024 കാൻഡിഡേറ്റ് ടൂർണമെന്റ് ചാന്പ്യനാണ് ലോക ചാന്പ്യൻഷിപ്പിലെ നിലവിലെ ചാന്പ്യനായ ഡിങ് ലിറെന്റെ എതിരാളി.
ഇതിഹാസ താരങ്ങളായ ബോബി ഫിഷർ, കാൾസണ് എന്നിവർക്കുശേഷം കാൻഡിഡേറ്റ് ടൂർണമെന്റിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണു പതിനെട്ടുകാരനായ പ്രഗ്നാനന്ദ.