തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന്റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്തി വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് അയച്ച് പണം തട്ടിയെടുക്കാൻ കഴിഞ്ഞ ദിവസം ശ്രമം നടന്നിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ ഓഫീസ് പോലീസിൽ പരാതി നൽകിയത്. നേരത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ പേരിലും ബിനോയ് വിശ്വം എംപിയുടെ പേരിലും തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ പേരിലും വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിലും പോലീസ് കേസെടുത്തിരുന്നു.
എന്നാൽ പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊതുമരാമത്ത് സെക്രട്ടറിയുടെ വാട്സാപ്പ് സന്ദേശമെന്ന് തെറ്റിദ്ധരിപ്പിച്ച് വകുപ്പിലെ ഒരു എൻജിനിയറിൽ നിന്നു തട്ടിപ്പ് സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.