ഗാന്ധിനഗർ: മെഡിക്കൽ കോളേജിനു സമീപം മുടിയൂർകരയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ നീങ്ങുന്നില്ല.
കളരിയ്ക്കൽ കാർത്തികയിൽ (പടിഞ്ഞാറെ മുറിയിൽ) പരേതനായ രാജശേഖരന്റയും വിജയമ്മയുടെയും മകൻ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കഴിഞ്ഞ 12നു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജനാണെന്നു പരിചയപ്പെടുത്തി ഇയാൾ കൂടുതൽ പേരിൽ നിന്നു പണം കടം വാങ്ങിയിട്ടുണ്ട്. 1.11 കോടി രൂപ കടം വാങ്ങിയതായാണു ഇതിനോടകം പോലീസിനു പരാതി ലഭിച്ചത്.
കടം വാങ്ങിയവർക്കു തിരികെ നൽകാമെന്നു പറഞ്ഞ അവസാന തീയതിയായ 12-ന് ആണ് പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം യാത്ര ചെയ്തിരുന്ന ഇന്നോവ കാറിന്റെ സഞ്ചാര വിവരങ്ങൾ സ്വകാര്യ ജിപിഎസ് കന്പനിയോട് ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് മരിക്കുന്നതിന്റെ സമീപ ദിവസങ്ങളിൽ എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്.
മെഡിക്കൽ കോളജിന്റെ ആളൊഴിഞ്ഞ പരിസരത്ത് മരിക്കുന്നതിന്റെ തലേന്നും എത്തിയിരുന്നു. കാറിന്റെ സഞ്ചാരവഴി പരിശോധിച്ചതോടെയാണ് ഇതു പോലീസ് കണ്ടെത്തിയത്.
പ്രശാന്തിന്റെ ശരീരത്തിൽ തീ പിടിക്കാൻ കാരണമായതു ടർപന്റൈനാണെന്നു കണ്ടെത്തിയിട്ടുണ്ട്. ടർപന്റൈൻ വാങ്ങിയത് എവിടെനിന്നെന്നു കണ്ടെത്താനായില്ല.
നാഗന്പടം, മണിപ്പുഴ, വെളളൂർ എന്നിവിടങ്ങളിലെ പെയിന്റ് കടകളിലെ സിസിടിവി പരിശോധിച്ചു വരികയാണ്. ന്യൂറോ സർജനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഡോക്ടറെന്ന വ്യാജേനയാണ് പണമിടപാടുകൾ നടത്തിയത്.
ഇയാൾ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമ ചെങ്ങന്നൂർ സ്വദേശി ജോണ്സണ് കെ. ജോണിനോടും ഇത്തരത്തിലാണ് പറഞ്ഞിരുന്നത്.
ദിവസം 2,000 രൂപ പ്രകാരമായിരുന്നു കാർ വാടകയ്ക്ക് നൽകിയത്. ഒന്പതു മാസമായി ഉപയോഗിച്ചു വരികയായിരുന്ന പ്രശാന്ത് ഇതുവരെ 2.25 ലക്ഷം വാടക നൽകി.
പ്രശാന്ത് ഡോക്ടറല്ലെന്നറിഞ്ഞതോടെ സംശയം തോന്നിയതോടെയാണ് കാർ ഉടമ ഫോണിൽ ബന്ധപ്പെടുകയും കാർ തിരികെ വാങ്ങാൻ ശനിയാഴ്ച കോട്ടയത്ത് എത്തിയത്.
ജിപിഎസ് ഉപയോഗിച്ച് കണ്ടെത്തി കൈവശമുള്ള താക്കോൽ ഉപയോഗിച്ച് കാർ കൊണ്ടുപോന്നതെന്നു ജോണ്സണ് പോലീസിനോടു പറഞ്ഞിരുന്നു. ട്ട