ഗാന്ധിനഗർ: പതിനാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മധ്യവയസ്കനായ പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. പീഡനത്തിനരയായി എന്നു കരുതുന്ന ദിവസത്തെ മണർകാട് ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ചു സിസി ടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.
ചുവന്ന കാറിലെത്തിയ മധ്യവയസ്കനെന്നാണ് പെണ്‍കുട്ടിയിൽ നിന്നും പ്രതിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവുമുണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ സിസി ടിവി ദൃശ്യങ്ങൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസും.
പോക്സോ നിയമ പ്രകാരം കേസ് ചുമത്തിയാണ് പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പാന്പാടി സ്വദേശിനിയായ പെണ്‍കുട്ടി ജന്മം നൽകിയ നവജാത ശിശുവിന്റെ മൃതദേഹം മുട്ടന്പലം ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.
ഞായറാഴ്ചയാണ് അഞ്ചു മാസം ഗർഭിണിയായ നിലയിൽ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗർഭസ്ഥ ശിശുവിന്റെ മൃതശരീരത്തിൽ നിന്നും പെണ്കുട്ടിയിൽനിന്നും ഡിഎൻഎ സാന്പിൾ ശേഖരിച്ചിട്ടുണ്ട്.
സിസി ടിവി തെളിവുകൾ ലഭിച്ചു പ്രതിയ തിരിച്ചറിഞ്ഞാൽ ശാസ്ത്രീയ തെളിവുകൾക്കായാണ് ഡിഎൻഎ ശേഖരിച്ചിരിക്കുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയതിനു ശേഷമാകും പോലീസ് കൂടുതൽ മൊഴിയെടുക്കുന്നത്.
പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്. മാതാവിനു ഫാക്്ടറിയിലായിരുന്നു തൊഴിൽ. ലോക്ക്ഡൗണിനു ശേഷം പെണ്‍കുട്ടിയും സഹോദരനും കരകൗശല വസ്തുക്കൾ നിർമിച്ച വീടുകളിലും കടകളിലും കയറി വിറ്റു വരികയായിരുന്നു.
ഏപ്രിലിൽ പെരുമാനൂർ കുളം കവലയിൽനിന്നും മണർകാട് കവലയിലേക്കു വിൽപന സാധനങ്ങളുമായി പെണ്‍കുട്ടി നടന്നു പോകുന്ന സമയം ചുവന്ന കാറിലെത്തിയ മധ്യവയസ്കനായ ആൾ തട്ടിക്കൊണ്ടു പോവുകയും ലഹരി വ്സ്തുക്കൾ ചേർത്ത ഭക്ഷണം നൽകി മയക്കിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു.