സ്വന്തം ലേഖകൻ
നൂഡൽഹി: അവിവാഹിതയായ സ്ത്രീയുടെ ആറു മാസമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി.
ഡൽഹി എയിംസിന്റെ കീഴിലുള്ള മെഡിക്കൽ ബോർഡിന്റെ നിർദേശങ്ങൾ അനുസരിച്ച് സ്ത്രീയുടെ ജീവനു ഹാനികരമാകാത്ത വിധത്തിൽ ഗർഭഛിദ്രം നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മെഡിക്കൽ ഗർഭഛിദ്ര നിയമത്തിലെ വ്യവസ്ഥകളിൽ ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളോടും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിയോജിച്ചു.
അവിവാഹിതയാണെന്ന കാരണത്താൽ ഹർജിക്കാരിക്ക് ഗർഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും മെഡിക്കൽ ഗർഭഛിദ്ര നിയമത്തിലുള്ള 2021ലെ ഭേദഗതിയിൽ ഭർത്താവിനു പകരം പങ്കാളി എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് അവിവാഹിതയായ സ്ത്രീകളെ പരിരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
വൈവാഹിക ബന്ധത്തിലൂടെയുള്ള ഗർഭധാരണത്തിനു മാത്രമല്ല നിയമം ബാധകം.