ഇരവിപേരൂർ: കായിക മേഖലകളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഇരുപതു വയസുകാരി പ്രിസ്കില്ല ഡാനിയേൽ കേരള പോലീസിൽ ജോലിയിൽ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന പാസിംഗ് ഔട്ട് പരേഡിലൂടെയാണ് പ്രിസ്കില്ല സേനയിൽ അംഗമായത്.
ഇല്ലായ്മകളോടും പ്രതിസന്ധികളോടും മല്ലടിച്ചാണ് പ്രിസ്കില്ല ഈ അതുല്യ നേട്ടം കരസ്ഥമാക്കിയത്. യുവജനങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് പ്രിസ്കില്ലയുടെ ജീവിത കഥ.
ഡാനിയേൽ – ഗ്രേസി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പ്രിസ്കില്ല. കായിക താരമായ പ്രിസ്കില്ല ഇതിനോടകം 36 സംസ്ഥാന മെഡലുകളും 32 ദേശീയ മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. പത്തോളം റെക്കോർഡുകൾ നേടി. അതിൽ നാലെണ്ണം ഇപ്പോഴും സ്വന്തം പേരിൽ തന്നെ.
800 മീറ്റർ ഓട്ടമാണ് പ്രധാന ഇനം. ഉസൈൻ ബോൾട്ടിന്റെ നാടായ ജമൈക്കയിൽ നടന്ന പരിശീലന ക്യാമ്പിൽ ഇന്ത്യയിൽ നിന്നു സെലക്ഷൻ നേടുകയും പങ്കെടുക്കുകയും ചെയ്തു.
കസാക്കിസ്ഥാൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. സ്വർണം ഉൾപ്പെടെ മെഡലുകളും നേടി. രണ്ട് അന്തർദേശീയ മെഡലുകൾക്കും ഉടമയാണ്.
മൂത്ത സഹോദരി ശേബയും കായികതാരമാണ്. കായിക അധ്യാപികയായി ഇരവിപേരൂരിൽ ജോലി ചെയ്യുന്നു. ശേബയും നിരവധി സംസ്ഥാന മെഡലുകൾ നേടിയിട്ടുണ്ട്.
സഹോദരിയുടെ പാത പിന്തുടർന്നാണ് പ്രിസ്കില്ലയും കായിക മേഖലയിൽ എത്തിയത്. എൽകെജി മുതൽ എട്ടാം ക്ലാസ് വരെ ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലായിരുന്നു പഠനം.
അക്കാലയളവിലാണ് പ്രിസ്കില്ലയുടെ കായികമികവ് പ്രകടമായത്. കായികാധ്യാപകനായ അനീഷ് തോമസിന്റെ ശിക്ഷണത്തിലൂടെ സ്കൂൾ കായികമേളയിൽ തിളങ്ങി.
ഒമ്പത് മുതൽ പ്ലസ്ടു വരെ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലായിരുന്ന പഠനം. ഡിഗ്രി വിദ്യാഭ്യാസം തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലായിരുന്നു.
റബർ ടാപ്പിംഗ് തൊഴിലാളിയായ ഡാനിയേലിന്റെ അധ്വാനത്തിലാണ് കുടുംബം പുലർത്തി കൊണ്ടിരിക്കുന്നത്. ആത്മീയ മേഖലയിലും ഇവർ സജീവമാണ്. വർഷങ്ങളായി വാടകവീട്ടിലാണ് കുടുംബത്തിന്റെ താമസം.
കായികയിനങ്ങളിലുള്ള മികവും നേട്ടങ്ങളുമാണ് കേരള പോലീസിലേക്കുള്ള ജോലി പ്രിസ്കില്ലയെ തേടിയെത്താനുള്ള കാരണം. സർവീസിൽ പ്രവേശിച്ചവരുടെ കൂട്ടത്തിൽ പ്രായക്കുറവും പ്രിസ്കില്ലയ്ക്കാണ്.