കോട്ടയം: ഒരുവിഭാഗം ഉടമകൾ ഇന്നു മുതൽ ബസ് സർവീസിൽനിന്ന് പിന്തിരിയുന്നു. സർവീസ് നഷ്ടത്തിലായ നിരവധി ബസുകൾ ജി ഫോം നൽകി ഓട്ടം നിറുത്തിവയ്ക്കേണ്ട സാഹചര്യവുമുണ്ട്.
റോഡ് നികുതിയിൽ ഇളവു ലഭിക്കാതെ വന്നതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്. കെഎസ്ആർടിസി ബസുകൾക്ക് നികുതി ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു.
സ്വകാര്യ ബസുകൾ ഇന്നു മുതൽ പണിമുടക്കിലല്ലെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ട്രിപ്പുകൾ കുറച്ചതിനൊപ്പം തൊഴിലാളികൾ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നതിനാലാണ് പല ബസുകളും സർവീസ് തുടരുന്നതെന്ന് സെക്രട്ടറി കെ.എസ്. സുരേഷ് പറഞ്ഞു.
പബ്ലിക് ബസ് ഓപ്പറേറ്റഴ്സ് യൂണിറ്റിയിൽ അംഗങ്ങളായ ഉടമകളുടെ ബസുകളും സർവീസ് നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓഗസ്റ്റ് ഒന്നു മുതൽ ഫോറം സമർപ്പിച്ചു സ്വകാര്യ ബസുകൾ സർവീസ് നടത്തുകയില്ലെന്ന് ഒരു വിഭാഗം സംഘടന അറിയിച്ചിരുന്നു.
സ്വകാര്യ ബസ് വ്യവസായം നിലനിർത്തിക്കൊണ്ടു പോകുന്നതിനായി റോഡ് ടാക്സ് പൂർണമായി ഒഴിവാക്കിയും ഇന്ധന വിലയിൽ സബ്സിഡി ആവശ്യപ്പെട്ടും പബ്ലിക് ബസ് ഓപ്പറേറ്റഴ്സ് യൂണിറ്റി സർക്കാരിലേക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും
പബ്ലിക് ബസ് ഓപ്പറേറ്റഴ്സ് യൂണിറ്റി സംസ്ഥാനപ്രസിഡന്റ് ജയ്മോൻ ചിറയിലും ജനറൽ സെക്രട്ടറി മാത്യൂസ് ചെറിയാനും അറിയിച്ചു.