മല്ലപ്പള്ളി: മല്ലപ്പള്ളിയിലേക്ക് കൂടുതല്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങിയതോടെ തര്‍ക്കങ്ങളും പതിവായി. കോവിഡ്കാല പ്രതിസന്ധിയില്‍ സര്‍വീസ് നിര്‍ത്തിയിട്ടിരുന്ന പല ബസുകളും നിരത്തിലിറങ്ങിയതോടെയാണ് തര്‍ക്കം രൂക്ഷമായത്.
കഴിഞ്ഞ ദിവസം മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ബസ് സമയത്തെച്ചൊല്ലിയ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്കു കാരണം. മര്‍ദനമേറ്റ ജീവനക്കാരനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ കീഴ്വായ്പൂര് പോലീസ് കേസെടുത്തു.
കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഈ റൂട്ടുകളിലുള്ളതിനാല് സ്വകാര്യ ബസുകളുടെ സമയത്തെച്ചൊല്ലി ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുകയാണ്. കെഎസ്ആര്‍ടിസി കോട്ടയം – കോഴഞ്ചേരി ചെയിന്‍ സര്‍വീസുകളടക്കം പുനരാരംഭിച്ചിട്ടുണ്ട്.
സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പോലീസ് സാന്നിധ്യം ഉണ്ടാകാറില്ല. നേരത്തെ ഇവിടെ പോലീസിനെ നിയോഗിച്ചിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് സ്റ്റാന്‍ഡ് അടച്ചിട്ടതോടെ പോലീസ് ഡ്യൂട്ടി പിന്‍വലിച്ചതാണ്.