ചെന്നൈ വിരുഗമ്പാക്കത്ത് സിനിമാ നിര്‍മാതാവിനെ കൊന്നു കവറില്‍ കയറ്റിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്കരന് (65) കൊല്ലപ്പെട്ട കേസില്‍ വിരുഗമ്പാക്കം സ്വദേശി ഗണേശന് (50) ആണ്് പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ചയാണ് ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്.
കൊലപാതകത്തിനു ശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
മേഖലയിലെ പ്രധാന പെണ്‍വാണിഭ സംഘാംഗമാണ് ഇയാള്‍. കഴിഞ്ഞ ഏഴു വര്‍ഷമായി ഗണേശനുമായി ഭാസ്കരനു ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ വരാന്‍ വൈകിയതിനെച്ചൊല്ലി ഭാസ്കരനും ഗണേശനും തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി.
ഇതേത്തുടര്‍ന്ന് പ്രകോപിതനായ ഗണേശന് ഇരുമ്പുവടി കൊണ്ട് ഭാസ്കരന്റെ തലയില്‍ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കവറിലാക്കി അര്‍ധരാത്രിയില്‍ റോഡില്‍ തള്ളുകയുമായിരുന്നു.
പിറ്റേന്ന് ശുചീകരണ തൊഴിലാളികളാണു റോഡരികില്‍ മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറും കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഭാസ്കരന്റെ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയി. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകന് കാര്‍ത്തിക് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഭാസ്കരനെ കൊല്ലാന്‍ ഉപയോഗിച്ച കമ്പിയും മൃതദേഹം കൊണ്ടുപോയ മോട്ടോര്‍ സൈക്കിളും പോലീസ് പിടിച്ചെടുത്തു.
കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.