പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവുമധികം വേനല്‍മഴ ലഭിച്ച പത്തനംതിട്ട ജില്ല പ്രളയഭീഷണിയില്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ മേയ് 13 വരെയുള്ള കണക്കില്‍ ജില്ലയില്‍ 70 സെന്റീമീറ്റര്‍ അധികമഴ ലഭിച്ചിരുന്നു.
ഇക്കാലയളവില്‍ പ്രതീക്ഷിച്ചിരുന്നതിലും ഇരട്ടിമഴയാണ് ലഭിച്ചത്. ന്യൂനമര്ദ്ദത്തേ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നത് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ പ്രളയഭീതിയിലുമാക്കി.
നദികളില്‍ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നിട്ടുണ്ട്. മണിമല, കല്ലട നദികള്‍ ഇരുകര മുട്ടിയാണ് ഒഴുകുന്നത്. അച്ചന്‍കോവില്‍, പമ്പ നദികളിലും ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി.
മഴ ഈ നിലയില്‍ തുടര്‍ന്നാല്‍ നദികള്‍ കരകവിയുമോയെന്ന ആശങ്കയുണ്ട്. പ്രധാന സംഭരണികളില്‍ 40 ശതമാനം മാത്രമാണ് ജലനിരപ്പ് എന്നത് ആശ്വാസമാണ്.
എന്നാല്‍ വൈദ്യുതി ഉത്പാദനം കൂടുകയും ജലമൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ മൂഴിയാര്‍, മണിമലയാര്‍ സംഭരണികളില്‍ ജലനിരപ്പ് വര്‍ധിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിലേക്ക് ഷട്ടറുകള്‍ തുറക്കുമെന്ന മുന്നറിയിപ്പുണ്ട്.
ഇക്കാലയളവില്‍ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയിരിക്കുന്നത് കോന്നിയിലെ വനം ഓഫീസിനോടു ചേര്‍ന്ന മഴ മാപിനിയിലാണ്.
ഏകദേശം 97 സെന്റിമീറ്ററിലധികം മഴയാണ് കോന്നിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുനലൂരില്‍ 86 സെന്റിമീറ്ററും കാഞ്ഞിരപ്പള്ളിയില്‍ 82 സെന്റി മീറ്ററും മഴ രേഖപ്പെടുത്തി.
സംസ്ഥാനത്തു തന്നെ ഇത്തവണ അധികവേനല് മഴ ലഭിച്ചതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളില്‍ കാണുന്നത്. 20 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 32 സെന്റീമീറ്റര്‍ വരെ മഴ പെയ്തു.