എടത്തനാട്ടുകര: ഒരു മാസക്കാലമായി നിരന്തരമായി പുലികളുടെയും കടുവയുടെയും സാന്നിധ്യമുള്ള ഉപ്പുകുളത്ത് കെണിക്കൂട് സ്ഥാപിച്ചു.പിലാച്ചോല ഇടമലയുടെ പരിസരത്താണ് കൂട് സ്ഥാപിച്ചത്.
ഉപ്പുകുളത്തെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടിട്ടുണ്ടെങ്കിലും പിലാച്ചോല ഇടമലയുടെ പരിസരത്താണ് ഏറ്റവും അവസാനം പുലിയെ കണ്ടത്. കഴിഞ്ഞ ആഴച്ചകളിലായി ഇവിടെ 2 തവണകളിലായി പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം മൂന്നിനു റബർ ടാപ്പിംഗിനിടെ കടുവയുടെ ആക്രമണത്തിൽ കിളയപ്പാടം സ്വദേശി വെള്ളേങ്ങര ഹുസൈനെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധ പരിപാടികളും സമരങ്ങളും നടന്നിരുന്നു.
ഉപ്പുകുളം പൗരസമിതിയുടെ കീഴിൽ വനംവകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, എം.പി, എംഎൽഎ, പിസിസിഎഫ്, സിസിഎഫ്, ഡിഎഫ്ഒ തുടങ്ങിയവർക്ക് പരാതികൾ നൽകിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച്ച വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കെണി സ്ഥാപിക്കാൻ തീരുമാനമായത്.
യോഗത്തിൽ എൻ. ഷംസുദ്ദീൻ എംഎൽഎ, വാർഡ് മെന്പർ ബഷീർ പടുകുണ്ടിൽ പ്രിൻസിപ്പൽ ചീഫ് കണ്സൾവേട്ടർ, ചീഫ് കണ്സൾവേട്ടർ ഓഫീസർ ഫോറസ്റ്റ്, ഉപ്പുകുളം പൗരസമിതി കണ്വീനർ മഠത്തൊടി അബൂബക്കർ, ചെയർമാൻ കെ. മാമച്ചൻ എന്നിവർ പങ്കെടുത്തിരുന്നു.
തിരുവിഴാംകുന്ന് ഡെപ്യൂട്ടി റെയ്ഞ്ചർ ശശികുമാർ, ഡെപ്യൂട്ടി റെയ്ഞ്ചർ (ഗ്രൈഡ്) ജയകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ, അനീഷ്, അബ്ദു, വാർഡ് മെന്പർ ബഷീർ പടുകുണ്ടിൽ, ഉപ്പുകുളം പൗരസമിതി ഭാരവാഹികളായ മഠത്തൊടി അബൂബക്കർ, ടി.പി. ഫക്രുദീൻ, പത്മജൻ മുണ്ടൻഞ്ചേരി, മുൻ വാർഡ് മെന്പർ അയ്യപ്പൻ കുറുവപാടത്ത്, ആർആർടി വളണ്ടിയർ അസ്ലം, അജ്മൽ, ഉനൈസ്, റമീസ്, അഖിൽ പാറോക്കോട്ട്, സാനു തുടങ്ങിയവർ സംബന്ധിച്ചു.