എടത്വ: സംസ്ഥാന ജലഅഥോറിറ്റിയുടെ കീഴിലുള്ള പന്പു ഹൗസുകളിൽ പന്പ് ഓപ്പറേറ്റർമാരെ ഒഴിവാക്കി ജലവിതരണം റിമോട്ട് കണ്ട്രോൾ സിസ്റ്റത്തിലൂടെ. വിതരണം നടക്കുന്നത് ഓഫീസ് നിയന്ത്രണത്തിലായതോടെ സംസ്ഥാനത്ത് നൂറു കണക്കിന് പന്പ് ഓപ്പറേറ്റർമാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.
ഉദ്യോഗസ്ഥർക്ക് സബ്ഡിവിഷൻ ഓഫീസിലിരുന്ന് നിയന്ത്രിക്കാവുന്ന തരത്തിൽ സമയക്രമീകരണം സെറ്റുചെയ്താണ് ജലവിതരണം നടത്തുന്നത്. ഇതോടെ സബ്ഡിവിഷന്റെ കീഴിൽ വരുന്ന പന്പുഹൗസിന്റെ നിയന്ത്രണം സ്ഥിരം ജീവനക്കാരിൽ എത്തും.
നിലവിലെ താത്കാലിക ഓപ്പറേറ്റർമാരുടെ പ്രായവും ഐടി വിദ്യാഭ്യാസം ഇല്ലാത്തതും പല പന്പ്ഹൗസിലേയും വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ലക്ഷക്കണക്കിനു വിലയുള്ള മോട്ടർ തകരാറിലാകുകയും ചെയ്തിരുന്നു.
അഥോറിറ്റി കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കു പോകുന്പോൾ പന്പുകളിലെ അറ്റകുറ്റപ്പണിക്ക് വൻതുക ചെലവാകേണ്ടിവരുന്ന സാഹചര്യത്തിലാണ് ജലഅഥോറിറ്റി എംഡി റിമോർട്ട് സിസ്റ്റം ആരംഭിക്കാൻ സർക്കുലർ ഇറക്കിയതെന്ന് എടത്വ ജലഅഥോറിറ്റി അസി. എൻജിനിയർ പറയുന്നു.
ജലവിതരണത്തിലെ പാളിച്ചകൾ ഏറെക്കുറെ പരിഹരിച്ചെങ്കിലും സംസ്ഥാനത്ത് ഈ തൊഴിൽ ചെയ്തിരുന്ന നൂറു കണക്കിന് ഓപ്പറേറ്റർമാരുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. എടത്വ സബ് ഡിവിഷൻ ഓഫീസിലെ പത്ത് പന്പ് ഹൗസുകളിലായി ഇരുപതിലേറെ പേർ തൊഴിൽ ചെയ്തിരുന്നു.
കണ്ട്രോൾ സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കാൻ ഒരു പന്പ്ഹൗസ് മാത്രമാണുള്ളത്. ജില്ലയിൽ ഹരിപ്പാട് ഓഫീസിന്റെ കീഴിൽ മാസങ്ങൾക്കു മുന്പ് സിസ്റ്റം നിലവിൽ വന്നിരുന്നു. സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ ജലവിതരണം റിമോർട്ട് കണ്ട്രോൾ സിറ്റം വഴി പൂർത്തിയാക്കാനാണ് അഥോറിറ്റി ലക്ഷ്യമിടുന്നത്.