കോട്ടയം: പള്ളിമേടയിൽ നിന്നു കാണാതായ വൈദികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് കത്തോലിക്ക ചർച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോർജ് എട്ടുപറയിലി(55)നെയാണ്് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ അയർക്കുന്നം പോലീസും ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണ് പള്ളിമുറ്റത്തു തന്നെയുള്ള കിണറ്റിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്നു കിണറ്റിൽ നിന്നു പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിശദമായി അന്വേഷണം നടത്തുമെന്ന് അയർക്കുന്നം പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം മുതലാണ് ഫാ. ജോർജിനെ പള്ളിമേടയിൽ നിന്നു കാണായത്.
ഇദ്ദേഹത്തിന്റെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത മേശയിൽ തന്നെ വച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പള്ളിയിലെ സിസിടിവി കാമറകൾ ഓഫ് ചെയ്ത നിലയിലുമാണ്. ഇതൊക്കെയാണ് ദുരൂഹത സംശയിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. ഇന്നലെ ഉച്ചവരെ പള്ളിമേടയിൽ ഉണ്ടായിരുന്ന ഫാ. ജോർജിനെ കാണാതായ വിവരമറിഞ്ഞപ്പോൾ തന്നെ പോലീസും ഇടവകാംഗങ്ങളും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ഇദേഹം എങ്ങോട്ടെങ്കിലും പോയിരിക്കുമന്നാണ് കരുതിയിരുന്നെങ്കിലും ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയത്.