കോട്ടയം: ശ്രീനാരായണ ഗുരുജയന്തി പ്രമാണിച്ച് സ്ഥനാര്‍ഥികളായ ചാണ്ടി ഉമ്മൻ, ജെയ്ക് സി. തോമസ്, ലിജിൻലാൽ എന്നിവർക്ക് ഇന്നു കാര്യമായ പരസ്യപ്രചാരണമില്ല.
അതേസമയം, മണ്ഡലമാകെ ഓടിനടന്നുള്ള വോട്ടഭ്യര്‍ഥന രാവിലെ മുതല്‍ സ്ഥാനാർഥികൾ ആരംഭിച്ചു. കുടുംബയോഗങ്ങളും സ്ക്വാഡ് വര്‍ക്കുകളും നടക്കുന്നുണ്ട്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ചതയ ദിനാഘോഷ പരിപാടികളില്‍ സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും.
പരസ്യപ്രചാരണത്തിനു നാലു നാള് മാത്രം ബാക്കി നില്‍ക്കേ പുതുപ്പള്ളി പോരാട്ടം അവസാന ലാപ്പിലേക്കെത്തുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെയുള്ള ആരോപണങ്ങളുടെ അസ്ത്രങ്ങൾ യുഡിഎഫ് തൊടുക്കുന്പോൾ വികസനം കൊണ്ടുള്ള മറുപടിയാണ് എല്‍ഡിഎഫ് നല്‍കുന്നത്.
ഇടത്-വലത് മുന്നണികളുടെ കപടമുഖം തുറന്നുകാട്ടി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് എന്‍ഡിഎ ക്യാമ്പ് നടത്തുന്നത്.
യുഡിഎഫിനു വേണ്ടി ദേശീയ-സംസ്ഥാന നേതാക്കള്‍ ഇന്നെത്തും. ഇടതു ക്യാമ്പിന് ആവേശംപകര്‍ന്ന് മുഖ്യമന്ത്രി ഇന്നലെ മൂന്നു പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു.
നാളെ വീണ്ടും പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ മണ്ഡലത്തിലെത്തും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരെയും വി. മുരളീധരനെയും മുന്‍നിര്‍ത്തിയാണ് ബിജെപി അവസാന ലാപ്പ് പ്രചാരണം.
ഓണാഘോഷത്തിനായി മടങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്നു രാവിലെ മണ്ഡലത്തില്‍ തിരിച്ചെത്തി. ഒന്നിനു വൈകിട്ട് അഞ്ചിന് അയര്‍ക്കുന്നത്തും ആറിനു പുതുപ്പള്ളിയിലും എ.കെ. ആന്റണി പ്രസംഗിക്കും. രണ്ടിനു ശശി തരൂര്‍ എംപി പാമ്പാടിയില്‍ റോഡ്ഷോ നടത്തും.
ബിജെപി സ്ഥാനാര്‍ഥി സ്ഥാനാര്‍ഥി ലിജിന്‍ ലാലിനു വേണ്ടി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ടോം വടക്കന്‍ എന്നിവര്‍ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണം നടത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, കേന്ദ്രമന്ത്രി വി. മുരളീധരന്, മൻ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, അനില്‍ ആന്റണി എന്നിവര്‍ പ്രചാരണത്തിനെത്തും.