കോട്ടയം: പോളിംഗ് ശതമാനത്തിലും വോട്ടുകണക്കിലും ആത്മവിശ്വാസം പ്രകടിപ്പിച്ച മുന്നണികള്‍ക്ക് പുതുപ്പള്ളിയിൽ വിജയപ്രതീക്ഷ മാത്രം.
വോട്ടെടുപ്പിന്റെ പിറ്റേദിവസമായ ഇന്നലെ മൂന്നു മുന്നണികളും വോട്ടിംഗ് ശതമാനവും വോട്ടുകണക്കും തമ്മില്‍ കൂട്ടലും കിഴിക്കലുമായിരുന്നു.
പോളിംഗ് ശതമാനം കുറഞ്ഞതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും ഒന്നേകാല്‍ ലക്ഷം വോട്ടു മാത്രം പോള്‍ ചെയ്തപ്പോള്‍ 30,000 വോട്ടിനു മുകളില്‍ ജയിച്ച ചരിത്രമുണ്ടെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍ എല്‍ഡിഎഫ് ക്യാമ്പ് വിജയത്തോട് അടുത്ത മുന്നേറ്റമാണു പറയുന്നത്. ബിജെപിയാകട്ടെ തങ്ങളുടെ വോട്ടുകള്‍ ഒരെണ്ണം പോലും നഷ്ടപ്പെട്ടില്ലെന്ന് അവകാശപ്പെടുന്നു.
30,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍ ഒരു കാരണവശാലും ഭൂരിപക്ഷം 20,000 താഴെ പോകില്ലെന്നാണ് ബൂത്തു തലത്തില്‍ ലഭിച്ച കണക്കുകള്‍ കൂട്ടി യുഡിഎഫ് ഇലക്ഷന് പ്രചാരണത്തിനു നേതൃത്വം വഹിച്ച കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ വികാരം തെരഞ്ഞെടുപ്പു പ്രചാരണത്തിലും വോട്ടിംഗിലുമുണ്ടായി. സര്‍ക്കാര്‍ വിരുദ്ധ തരംഗം ആഞ്ഞടിച്ചു. സ്ത്രീ വോട്ടര്‍മാര്‍ വളരെ അനൂകൂലമായി ചിന്തിച്ചു. മുന്‍കാലങ്ങളില്‍ സഭാ വിഷയം ഉണ്ടായപ്പോഴാണു ഭൂരിപക്ഷം കുറഞ്ഞത്.
ഇത്തവണ സഭാ വിഷയങ്ങള്‍ കാര്യമായി ഉയരാത്തതിനാല്‍ പേടിക്കേണ്ട കാര്യമില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിച്ച എല്‍ഡിഎഫിന്റെ നടപടികള്‍ക്കെതിരേ ശക്തമായ വികാരം വോട്ടര്മാര്ക്കിടയിലുണ്ടായെന്നും യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു.
പുതുപ്പള്ളി, വാകത്താനം, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ് യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിക്കുന്നത്.ബിജെപി വോട്ടുകള്‍ യുഡിഎഫിനു മറിച്ചില്ലെങ്കില്‍ നേരിയ മാര്‍ജിനില്‍ വിജയിക്കുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്.
വോട്ടെടുപ്പ് ദിവസം വൈകിട്ട് എല്ലാ ബൂത്തുകളില്‍നിന്നും ജെയ്ക് സി. തോമസിനു ലഭിച്ച വോട്ടുകളുടെ കണക്ക് സിപിഎം നേതൃത്വം ശേഖരിച്ചിരുന്നു.
ബിജെപിയിലെ ഒരു വിഭാഗം യുഡിഎഫിന് വോട്ടു മറിച്ചെന്ന വിലയിരുത്തലിലാണ് സിപിഎം. പോളിംഗ് ശതമാനത്തിലെ കുറവും എല്‍ഡിഎഫിനു പ്രതീക്ഷയേകുന്നുണ്ട്.
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമെന്നും വിജയത്തോട് അടുത്ത മുന്നേറ്റം നടത്താനായെന്നുമാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിച്ച പ്രമുഖ നേതാവ് പറഞ്ഞത്.
മണര്‍കാട്, വാകത്തനം, പാമ്പാടി, കൂരോപ്പട എന്നിവിടങ്ങളില്‍ നല്ല ലീഡ് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന എല്‍ഡിഎഫ് അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തില്‍ തരക്കേടില്ലാത്ത വോട്ടുകള്‍ നേടുമെന്നാണ് അവകാശപ്പെടുന്നത്.
ഒരു വോട്ടും കുറയില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ മെച്ചപ്പെട്ട വോട്ടുകള്‍ നേടുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മാര്‍ജിനിലേക്ക് എത്താന്‍ സാധിക്കുകയില്ലെന്നും കണക്കുകള്‍ കൂട്ടി ബിജെപി ക്യാമ്പും പറയുന്നു.