ജോണ്സണ് വേങ്ങത്തടം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്കു മുന്നില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുണ്ടെങ്കിലും അവസാനം ചുറ്റിത്തിരിഞ്ഞ് ‘ഉമ്മന്‍ ചാണ്ടി’യില്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിയിലേക്ക് മാറുന്നു.
ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതു പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി പ്രഖ്യാപിച്ചു കഴിഞ്ഞു. സോളാര്‍ പോലുള്ള കേസുകളില്‍ ഉമ്മന്‍ ചാണ്ടിയെ സിപിഎം വേട്ടയാടിയതു ചര്‍ച്ചയാക്കാനാണ് യുഡിഎഫിന്റെ നീക്കം.
അതേസമയം, ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധിക്കാനാണ് സിപിഎം നീക്കം. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ യുഡിഎഫിന് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.
എന്നാല്‍, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിരപരാധിത്വം ചര്‍ച്ചയാക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ഇടതുമുന്നണി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. കോണ്‍ഗ്രസില്‍നിന്നും ഒരാളെ അടര്‍ത്തിയെടുക്കാനുള്ള സിപിഎം നീക്കം പാളിയത് എല്‍ഡിഎഫ് മുന്നണിക്കു ക്ഷീണമായി.
പ്രചാരണരംഗത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ ഏറെ മുന്നിലാണ്. ബൂത്ത് കമ്മറ്റികളില്‍ നേരിട്ടെത്തി പ്രവര്‍ത്തകരെ കാണുന്ന തിരക്കിലാണ് അദ്ദേഹം. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും.
അതേസമയം, ഇപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെക്കുള്ള ജനപ്രവാഹം തുടരുകയാണ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തുനിന്നും പുതുപ്പള്ളി തീര്‍ഥാടനത്തിനായി വാഹനങ്ങള്‍ എത്തുന്നു.
തെരഞ്ഞെടുപ്പുകാലത്തും തീര്‍ഥാടനം തുടരാനാണ് സാധ്യത. ഇതെല്ലാം യുഡിഎഫിനു മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് നേതാ ക്കള്‍.
കസ്റ്റഡി മരണം, വിലക്കയറ്റം, അഴിമതി, കെഎസ്ഇബിയുടെ ക്രൂരത എന്നി ങ്ങനെ നിരവധി വിഷയങ്ങള്‍ യുഡിഎഫിന്റെ മുന്നിലുണ്ടെങ്കിലും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതു ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതായിരിക്കും.
വികസനത്തെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയചര്‍ച്ചകള്‍ക്കാണ് എല്‍ഡിഎഫ് തയാറാകുക. എന്നാല്‍, യുഡിഎഫ് ഉമ്മന്‍ ചാണ്ടിയെ കേന്ദ്രീകരിച്ചാല്‍ പ്രതിരോധിക്കാന്‍ വേണ്ടി ഈ വിഷയം തന്നെ ചര്‍ച്ച ചെയ്യേണ്ട അവസ്ഥയാണ് എല്‍ഡിഎഫിനും.
ഇരുമുന്നണികളെയും ആക്രമിച്ചും, കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയുള്ള നീക്കവുമായി ബിജെപിയും രംഗത്തുണ്ടാകുമെങ്കിലും അവസാനം വരെ പുതുപ്പള്ളിയില്‍ ചുറ്റിത്തിരിയുന്നതു ഉമ്മന്‍ ചാണ്ടി എന്ന നേതാവുതന്നെയായിരിക്കും.