കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും സ്വന്തം പേരിലുള്ള തോക്കുകള്‍ സമീപ പോലീസ് സ്റ്റേഷനുകളിലോ അംഗീകൃത ആര്‍മറിയിലോ ഡെപ്പോസിറ്റ് ചെയ്ത് രസീത് പകര്‍പ്പ് പോലീസ് സ്റ്റേഷനില്‍ നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മറ്റ് പ്രത്യേക ഇളവ് ആവശ്യമുള്ളവര്‍ ജില്ലാ കളക്ടര്‍ക്കോ പോലീസ് ചീഫിനോ അപേക്ഷ നല്കി അവ ഒഴിവാക്കിയ രേഖ ലഭിക്കുന്നതുവരെ തോക്കുകള്‍ ഡെപ്പോസിറ്റ് ചെയ്യണം.
സി-വിജില്‍ തയ്യാര്‍; ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം നിങ്ങൾക്ക് അയച്ചു നൽകാം
കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ സഹായകമായ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി.
സി വിജില്‍ സജ്ജമായ ഉടന്‍ ലഭിച്ച പരാതിയില്‍ പാമ്പാടിയില്‍ അനുവാദമില്ലാതെ പോസ്റ്റര്‍ പതിച്ചത് സംബന്ധിച്ച വിഷയത്തില്‍ നടപടിയെടുത്തു. പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാം.
പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാനാകും.
ജി.ഐ.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ലൊക്കേഷന്‍ ലഭ്യമാകുന്നതുകൊണ്ടുതന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാന്‍ സാധിക്കും. ഫോട്ടോയോ വീഡിയോയോ ഓഡിയോയോ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പരാതി സമര്‍പ്പിച്ചിരിക്കണം.
ഫോണില്‍ നേരത്തെ സ്റ്റോര്‍ ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലില്‍ അപ്ലോഡ് ചെയ്യാനാവില്ല. പരാതികള്‍ ഉടന്‍തന്നെ നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും.
അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയില്‍ സ്വീകരിച്ച തുടര്‍ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളില്‍ പരാതിക്കാരനെ അറിയിക്കും.