പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്നു നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ വിജയം.
37719 എന്ന അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തോടെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുചരിത്രമെഴുതി. 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കാർഡ് ലീഡും മറികടന്നാണു ചാണ്ടിയുടെ കുതിപ്പ്.
പുതുപ്പള്ളിയിൽ 53 വർഷം പ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരെന്ന ചോദ്യത്തിന് ഉത്തരം. ചാണ്ടി ഉമ്മന്‍8 0144 വോട്ട് കിട്ടിയപ്പോൾ ജെയ്ക് സി. തോമസിനു 42425 വോട്ടു മാത്രം
മണ്ഡലത്തില്‍ ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ് എൻഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാൽ. കിട്ടിയ വോട്ട് 5654. ആം ആദ്മി പാർട്ടി സ്ഥാനാർഥി ലൂക്ക് തോമസിന് അറുന്നൂറിലേറെ വോട്ടാണുള്ളത്.
പുതുപ്പള്ളിയിൽ സഹതാപതരംഗവും ഭരണവിരുദ്ധ തരംഗവും ഒരുമിച്ച് ആഞ്ഞടിച്ചതായാണ് ഫലം വ്യക്തമാക്കുന്നത്.ഇടതു സ്ഥാനാർഥിക്ക് ഒരിക്കൽപോലും മേൽക്കൈ നേടാനായില്ല. ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനെ ഉയർത്തിക്കാട്ടി യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചപ്പോൾ വികസനം ഉയർത്തിക്കാട്ടിയായിരുന്നു എൽഡിഎഫ് വോട്ടർമാരെ സമീപിച്ചത്.
വിവാദങ്ങളും പ്രചാരണരംഗത്തെ ഇളക്കിമറിച്ചു. പുതുപ്പള്ളിക്കാർ പക്ഷേ, ഉമ്മൻ ചാണ്ടിയുടെ സ്മരണകളിലായിരുന്നു. വോട്ടെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതും അതുതന്നെ.
നിയമസഭയിലേക്ക് ചാണ്ടി ഉമ്മന്റെ കന്നിമത്സരമായിരുന്നു. രണ്ടുതവണ ഉമ്മൻചാണ്ടിയോടു മത്സരിച്ചു തോറ്റ ജെയ്ക്കിനിത് ഇതു മൂന്നാം മത്സരവും.
പോസ്റ്റല്‍ വോട്ടുകള്‍ തരംതിരിച്ചു വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാഥി ചാണ്ടി ഉമ്മന്‍ ലീഡ് നേടി.
പോസ്റ്റല്‍ വോട്ടുകളില്‍ പത്ത് വോട്ടുകള്‍ എണ്ണിയപ്പോള്‍ ഏഴു വോട്ടുകള്‍ നേടി ചാണ്ടി ഉമ്മന്‍ മുന്നിലെത്തി. പിന്നാലെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴും ചാണ്ടി ലീഡ് ആവര്‍ത്തിച്ചു.
ഇലക്ടോണിക് വോട്ടുകള്‍ എണ്ണിത്തുങ്ങിയപ്പോഴും കുതിപ്പു ആവര്‍ത്തിക്കുകയായിരിന്നു. തുടക്കം മുതല്‍ തന്നെ ലീഡെടുത്ത ചാണ്ടി ഉമ്മന്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
വോട്ടെണ്ണല്‍ തുടങ്ങുന്നത് മുമ്പ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയിയിരുന്നു. അത്രയ്ക്ക് ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നിലകൊണ്ടത്.. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. ഏഴു സ്ഥാനാര്‍ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.