നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസക്കാരനായ ബേക്കറി ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുടെ സന്പർക്ക പട്ടിക തയാറാക്കാനുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ഉൗർജിതമാക്കി.
രോഗബാധിതൻ താമസിക്കുന്നത് കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴി മേഖലയിലാണെങ്കിലും ബേക്കറി നടത്തുന്നത് വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി ടൗണിലാണ്.
അതിനാൽ രണ്ട് പഞ്ചായത്തുകളിലെയും സന്പർക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കുന്നത്. കരുണാപുരം പഞ്ചായത്തിൽ രോഗബാധിതനുമായി പ്രാഥമിക സന്പർക്കത്തിൽ ഏർപ്പെട്ട ഏഴ് പേരെയും, ഈ ഏഴു പേരുമായി സന്പർക്കം പുലർത്തിയ 18 പേരെയും ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക സന്പർക്ക പട്ടികയിൽ ഇയാളുടെ ഭാര്യയും മക്കളും മൂന്ന് അടുത്ത ബന്ധുക്കളും ഒരു അയൽവാസിയുമാണ് ഉള്ളത്. ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചിരിക്കുന്നത്. ഇവർക്ക് കോവിഡ് ലക്ഷണങ്ങളൊന്നും നിലവിലില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
എന്നാൽ വണ്ടൻമേട് പഞ്ചായത്തിൽ സന്പർക്ക പട്ടികയുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. സന്പർക്ക വിലക്ക് കാലത്തും ബേക്കറി തുറന്ന് പ്രവർത്തിച്ചിരുന്നു.
അതിനാൽ വണ്ടൻമേട് പഞ്ചായത്തിൽ ആയിരത്തോളം പേരുമായി രോഗബാധിതന് സന്പർക്കമുണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. ഇയാളുമായി സന്പർക്കത്തിൽ ഏർപ്പെട്ടവർ പുറ്റടിയിലെ പിഎച്ച്സിയിൽ വിവരം നൽകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഏതാനും പേർ മാത്രമാണ് ഇതിന് സന്നദ്ധരായത്.
രോഗിയുടെ മൊബൈൽ ഫോണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. രോഗബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കരുണാപുരത്തും വണ്ടൻമേട്ടിലും മുന്പ് രോഗം സ്ഥിരീകരിച്ചവരുമായി ഇയാൾക്ക് യാതൊരു സന്പർക്കവുമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
എന്നാൽ തമിഴ്നാട്ടിൽ നിന്നും എത്തിയവർ രോഗബാധിതന്റെ ബേക്കറിയിൽ എത്തിയിരുന്നതായാണ് സൂചന. രോഗം സ്ഥിരീകരിച്ച ദിവസം ഉച്ചകഴിഞ്ഞ് 2.30 വരെ ഗൃഹനാഥൻ ബേക്കറിയിൽ ഉണ്ടായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ബേക്കറി ഉടമയെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയിരുന്നു.
സെന്റിനൽ സർവയലൻസ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, തിരക്കുള്ള കടക്കാർ എന്നിവരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് കടയുടമയുടെ പരിശോധന ഫലം പോസീറ്റിവായത്.