തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഇന്നു രാവിലെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു പാർട്ടി സെക്രട്ടറിയെ കണ്ടത്. ഇന്ന് രാവിലെ 8.30ന് പാർട്ടി സെക്രട്ടറിയുടെ ഫ്ലാറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
തുടർന്ന് മാധ്യമങ്ങളെ കണ്ട അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ആരുടെ മുന്നിലും കീഴടങ്ങിയിട്ടില്ലെന്നും പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയെന്നും അറിയിച്ചു. കള്ള അന്വേഷണം നടത്തി തന്നെ ആരും ഒതുക്കാമെന്ന് വിചാരിക്കേണ്ട. പാർട്ടിക്കും ദൈവത്തിനും മുൻപാകെ മാത്രമെ കീഴടങ്ങുകയുള്ളു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ടെന്ന ആരോപണവും അൻവർ ഉയർത്തി.
എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേ നടക്കുന്ന അന്വേഷണം വഴി തെറ്റിയാൽ ഇടപെടും. പോലീസിലെ ലോബിക്ക് എതിരേ താൻ തുടങ്ങി വച്ച പോരാട്ടം വിപ്ലവമായി മാറും. അന്തസുള്ള പാർട്ടിയും മുഖ്യമന്ത്രിയുമാണ്. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയത് പാർട്ടിയാണ്. പിണറായി വീട്ടിൽനിന്നു വന്ന് മുഖ്യമന്ത്രിയായതല്ല. തുടർഭരണം നൽകിയ ജനങ്ങളുടെ വികാരമാണ് താൻ പ്രകടിപ്പിച്ചത്.
സത്യസന്ധമായി അന്വേഷണം നടത്തിയില്ലെങ്കിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ടി വരും. കേന്ദ്ര ഏജൻസിയോ വിദേശ ഏജൻസിയോ അന്വേഷിക്കേണ്ട. തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. താൻ എലിയായി പോയാലും കുഴപ്പമില്ല. എലി മോശക്കാരനല്ല. വീട്ടിലൊരു എലിയുണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവും. കീഴടങ്ങി, മുങ്ങി, എലിയായി, പൂച്ചയായി എന്നെല്ലാം പറയുന്നവരുണ്ട്. അത് നടക്കട്ടെ.
താൻ പരാതിയുമായി മുന്നോട്ട് പോകും. തനിക്ക് ഒരു ഉറപ്പും ആരിൽനിന്നും കിട്ടിയിട്ടില്ല. താൻ ഉന്നയിച്ച കാര്യങ്ങൾ ലക്ഷക്കണക്കിന് പാർട്ടിക്കാർ പറയാൻ ആഗ്രഹിച്ചതാണ്. എഡിജിപി അജിത്ത് കുമാറിനെ മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. നടപടിക്കായി വാശിയില്ല. തന്റെ പരാതി പാർട്ടിക്ക് തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് വിശ്വാസം.
പാർട്ടി സെക്രട്ടറിയോട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി വിശ്വസിച്ച് കാര്യങ്ങൾ ഏൽപ്പിച്ചവർ അദ്ദേഹത്തെ വഞ്ചിച്ചു. അതിന് മുഖ്യമന്ത്രി ഉത്തരവാദിയല്ല. ഹെഡ്മാസ്റ്റർ കസേരയിൽ ഇരിക്കുന്പോൾ ഹെഡ്മാസ്റ്റർക്കെതിരെയുള്ള പരാതി പ്യൂണ് അന്വേഷിക്കുമെന്ന അഭിപ്രായം തനിക്കില്ലെന്നും നിലവിലെ അന്വേഷണത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.
ആരോപിതനായ വ്യക്തിക്ക് വിധേയമായിട്ടാണ് അന്വേഷണമെങ്കിൽ അന്വേഷിക്കുന്നവർ അതിനു മറുപടി പറയേണ്ടിവരും. പാർട്ടിയിലും സർക്കാരിലും ഉറച്ച വിശ്വാസമുണ്ട്. മലപ്പുറം എസ്പി ഓഫിസ് ക്യാമ്പിലെ മരംമുറി കേസ് പോലീസ് ശ്രമിച്ചാലും അട്ടിമറിക്കാൻ സാധിക്കില്ല. അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു കഴിഞ്ഞു.
അട്ടിമറിക്കാൻ കഴിയുമെങ്കിൽ അവർ ചെയ്യട്ടെ. സ്വർണം കൊണ്ടുവരുന്ന പലരുടെയും വീടുകളിൽ ഡാൻസാഫ് സംഘം ബന്ധപ്പെടുന്നുണ്ട്. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വികാരമാണ് പറഞ്ഞത്. അതിനെ തള്ളിക്കളയാൻ കഴിയില്ലെന്നും പി.വി. അൻവർ പറഞ്ഞു.