ഉറക്കത്തില്‍ പാമ്പിനെ സ്വപ്നം കാണുന്നവരുണ്ട്. എന്നാല്‍ ഉറക്കമുണരുമ്പോള്‍ തൊട്ടടുത്ത് പാമ്പിനെക്കണ്ടാല്‍ എന്താണവസ്ഥ.
ഇത്തരത്തില്‍ അങ്ങേയറ്റം ഭീതിജനകമായ ഒരു സാഹചര്യത്തിലൂടെയാണ് ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സ്വദേശിയായ ഒരു കുട്ടി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കടന്നുപോയത്.
ഉറക്കത്തില്‍ അസ്വസ്ഥത തോന്നി കണ്ണു തുറന്നപ്പോള്‍ കണ്ടത് സ്വന്തം കയ്യില്‍ ചുറ്റിയിരിക്കുന്ന പെരുമ്പാമ്പിനെയാണ്. മൂന്നടി നീളമുള്ള പാമ്പാണ് കുട്ടിയുടെ കൈയ്യില്‍ ചുറ്റിയത്.
ക്വീന്‍സ്ലന്‍ഡില്‍ ധാരാളമായി കാണപ്പെടുന്ന കാര്‍പെറ്റ് പൈതണ്വിഭാഗത്തില്പ്പെട്ട പെരുമ്പാമ്പായിരുന്നു കുട്ടിയുടെ കയ്യില്‍ ചുറ്റിപ്പിണഞ്ഞത്.
രാത്രി ഒന്നരയ്ക്കാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കളും നടുക്കുന്ന കാഴ്ച കണ്ട് പരിഭ്രാന്തരായി.
ഉടന്‍തന്നെ ഇവര്‍ സ്റ്റീവ് ബ്രൗണ്‍ എന്ന പാമ്പ് പിടുത്ത വിദഗ്ധനെ വിളിച്ചു വരുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ സ്റ്റീവ് പാമ്പിനെ പിടികൂടി ജനവാസ മേഖലയില്‍ നിന്നും അകലെയുള്ള കാട്ടിലേക്ക് വിടുകയും ചെയ്തു. സ്റ്റീവ് തന്നെയാണ് സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എയര്‍കണ്ടീഷണര്‍ സ്ഥാപിക്കാനായി സീലിങ്ങില്‍ ഉണ്ടാക്കിയ ദ്വാരം വഴിയാവാം പെരുമ്പാമ്പ് കുട്ടിയുടെ കിടപ്പുമുറിയിലെത്തിയതെന്നാണ് നിഗമനം.
കയ്യില്‍ ചുറ്റിയ പാമ്പ് രണ്ട് തവണ ബാലന്റെ കയ്യില്‍ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉറങ്ങിക്കിടക്കുന്ന ഒരാളെ പ്രകോപനമില്ലാതെ പാമ്പ് ആക്രമിക്കില്ലെന്ന് സ്റ്റീവ് പറയുന്നു.
മനുഷ്യര്‍ ആക്രമിക്കുകയോ ജീവന് അപകടമുണ്ടെന്ന് തോന്നുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മാത്രമേ അവ പ്രത്യാക്രമണത്തിനു മുതിരാറുള്ളൂ.
അബദ്ധത്തില്‍ കട്ടിലില്‍ കയറിയ പാമ്പ് സ്വയരക്ഷാര്‍ത്ഥം സുരക്ഷിതമായ ഇടമെന്നു കരുതി കുട്ടിയുടെ കയ്യില്‍ ചുറ്റിയതാകാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
ഉറക്കത്തിനിടെ ചലിക്കുകയോ അല്ലെങ്കില്‍ ഉറക്കമുണര്‍ന്നപ്പോള്‍ ശബ്ദമുണ്ടാക്കിയതോ മൂലം ഭയപ്പെട്ടതിനാലാവാം പാമ്പ് കുട്ടിയെ കടിച്ചതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ പെരുമ്പാമ്പുകള്‍ പൊതുവേ വിഷമില്ലാത്ത വയായതിനാല്‍ കുട്ടിക്ക് കാര്യമായ അപകടങ്ങള്‍ സംഭവിച്ചിട്ടില്ല. എങ്കിലും വിദഗ്ധ പരിശോധനകള്‍ക്കായി ബാലനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പെരുമ്പാമ്പിന്റെ കടിയേറ്റാല്‍ അവയുടെ മൂര്‍ച്ചയേറിയ പല്ലുകള്‍ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി രക്തധമനികള്‍ക്കോ ഞരമ്പുകള്‍ക്കോ പൊട്ടലുണ്ടാകാനുള്ള സാധ്യതയേറെയാണ്.
അതിനാല്‍ സംഭവം നടന്ന ഉടന്‍ തന്നെ ചികിത്സ തേടിയെന്നും എന്നാല്‍ അത്തരം ഗുരുതര പരുക്കുകള്‍ ഒന്നുമില്ലാതെ കുട്ടി ആരോഗ്യവാനായിരിക്കുകയാണെന്നും ആശുപത്രി അധികൃര്‍ അറിയിച്ചു.