ചീമേനി(കാസർഗോഡ്): തെരുവ് നായയുടെ കടിയേറ്റ ഏഴുവയസുകാരന് പേവിഷബാധയേറ്റു മരിച്ചു. ആലന്തട്ട വലിയപൊയിലിലെ തോമസിന്റെയും ബിന്ദുവിന്റെയും മകന് എം.കെ. ആനന്ദ് ആണ് മരിച്ചത്.
കഴിഞ്ഞ മാസം 13ന് വീടിനടുത്തുള്ള മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ് നായയുടെ കടിയേറ്റത്.
കണ്ണിനും മുഖത്തും പരിക്കേറ്റ ആനന്ദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് മൂന്നു തവണ കുത്തിവയ്പ് നടത്തിയിരുന്നു. വലതുകണ്ണിന്റെ അടിവശത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു.
ഈയാഴ്ച അടുത്ത ഡോസ് കുത്തിവയ്പ് എടുക്കാനിരിക്കെ ഞായറാഴ്ചയോടെ പനി ബാധിക്കുകയായിരുന്നു.
പനി കുറയാതിരുന്നതിനെ തുടര്‍ന്ന് അടുത്ത ദിവസം ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രോഗലക്ഷണങ്ങള്‍ സംശയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ണിനു താഴെയുണ്ടായ മുറിവിലൂടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് തലച്ചോറില്‍ പ്രവേശിച്ചതാണ് രോഗബാധയുണ്ടാകാന്‍ കാരണമായതെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അടുത്ത ദിവസങ്ങളില്‍ പേ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരു കുറുക്കനെയും നായയെയും നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.
ആനന്ദിന്റെ മൃതദേഹം സംസ്കരിച്ചു. ആലന്തട്ട എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരന്: അനന്ദു.
പേവിഷം അതിമാരകം(1); തലച്ചോറിനടുത്ത ഭാഗത്തെ കടിയും മാന്തലും ഏറെ അപകടകരം