സ്വന്തം ലേഖകന്‍
കോഴിക്കോട്: സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യവുമായി റെയില്‍വേ മുന്നോട്ടുപോകുമ്പോള്‍ ചെറിയ റെയില്‍വേ സ്റ്റേഷനുകളുടെ (ഹാള്‍ട്ട് സ്റ്റേഷന് ) കാര്യം കട്ടപ്പുകയാകുന്നു.
പാസഞ്ചർ ട്രെയിനുകള്‍ എക്സ്പ്രസാക്കിയതും സ്റ്റോപ്പുകളുടെ എണ്ണം കുറച്ചതും ഹാൾട്ട് സ്റ്റേഷനുകളുടെ നിലനിൽപ്പുതന്നെ ആശങ്കയിലാക്കുകയാണ്.
മലബാറിലെ തിരക്കേറെയുള്ള റുട്ടുകളില്‍ ഒന്നായ കോഴിക്കോട് -കണ്ണൂര്‍ പാതയില്‍ വെള്ളയിൽ, വെള്ളറക്കാട്, ചേമഞ്ചേരി, നാദാപുരം റോഡ്, മുക്കാളി, ഇരിങ്ങൽ, ധർമടം ഹാൾട്ട് സ്റ്റേഷനുകൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
കോവിഡിനുമുമ്പ് എട്ടു ട്രെയിനുകള്‍ വരെ നിർത്തിയിരുന്ന ഈ സ്റ്റേഷനുകളിൽ ഇപ്പോൾ മൂന്നോ, നാലോ ട്രെയിനുകള്‍ മാത്രമാണ് നിർത്തുന്നത്.
നഗരത്തിനോടു ചേർന്ന വെള്ളയിൽ സ്റ്റേഷനിൽ നിലവിൽ നാലു ട്രെയിനുകള്‍ മാത്രമേ നിർത്തുന്നുള്ളൂ. ഹാൾട്ട് സ്റ്റേഷനുകളിൽ മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പില്ലാതായത്.
മുമ്പ് പാസഞ്ചറുകൾ ഉണ്ടായിരുന്നപ്പോൾ നിത്യയാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും ഈ സ്റ്റേഷനുകൾ വലിയ ആശ്വാസമായിരുന്നു.
റെയിൽവേ ഇത്തരം ചെറു സ്റ്റേഷനുകളെ അവഗണിക്കുന്നത് അവയുടെ നടത്തിപ്പുചുമതല ഏറ്റെടുക്കുന്ന ഹാൾട്ട് ഏജന്റുമാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സ്റ്റേഷൻമാസ്റ്ററില്ലാത്ത ചെറിയ റെയിൽവേ സ്റ്റേഷനുകളാണ് ഹാൾട്ട് സ്റ്റേഷനുകൾ. ഇവിടെ സ്ഥിരം റെയിൽവേ ജീവനക്കാരില്ല. സ്റ്റേഷൻ മാസ്റ്ററുമില്ല.
ഇവിടെ ടിക്കറ്റ് വിതരണം ചെയ്യുന്നവർക്ക് നിശ്ചിത കമ്മിഷൻ റെയിൽവേ നൽകും. ടിക്കറ്റ് വിറ്റു ലഭിക്കുന്ന തുകയുടെ മൂന്നുമുതൽ 15 ശതമാനം വരെയാണ് കമ്മിഷൻ.
ചില തീവണ്ടികൾക്ക് സ്റ്റോപ്പില്ലാതായതോടെ ഈ സ്റ്റേഷനുകളിൽ യാത്രക്കാരും കുറഞ്ഞു. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകളെ അവഗണിക്കുന്നത്.
മൂന്നു ജീവനക്കാരെങ്കിലുമില്ലെങ്കിൽ ഒരു സ്റ്റേഷൻ പ്രവർത്തിക്കാനാവില്ല. സ്റ്റേഷൻ മാസ്റ്ററുണ്ടെങ്കിൽ ചെലവ് പിന്നെയും ഉയരും.
ഇതിന് 10 ലക്ഷം രൂപയെങ്കിലും പ്രതിമാസം ചെലവുവരും.ട്രെയിൻ ഇവിടെ നിർത്തുന്നതിന്റെ ഇന്ധനനഷ്ടം വേറെയും. ഇതാണ് റെയില്‍വേ സ്റ്റോപ്പുകൾ കുറയ്ക്കാൻ താത്പര്യപ്പെടുന്നതും.