കായംകുളം: മഴക്കാല ശുചീകരണ പ്രവർത്തനത്തിന് വേണ്ടത്ര മുൻകരുതലുകൾ എടുക്കാൻ നഗരസഭയും വിവിധ പഞ്ചായത്തുകളും തയാറായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി.
പിഡബ്യൂഡിയുമായി ചേർന്ന് ഓട നവീകരിക്കുന്നതിന് വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ല. കായംകുളം നിയോജക മണ്ഡലത്തിലെ ദേശീയപാതയോട് ചേർന്നും അല്ലാതെയുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി പത്ത്ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നും യൂണിറ്റ് കമ്മിറ്റി പറഞ്ഞു.
മറ്റ് നഷ്ടപരിഹാരങ്ങൾ നൽകുന്നതുപോലെ തന്നെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുമ്പോൾ വേണ്ട അടിയന്തര സഹായം നൽകണമെന്ന് ജില്ലാ കളക്ടർക്ക് ഈമെയിൽ സന്ദേശം അയച്ചുവെന്നും യൂണിറ്റ് കമ്മിറ്റി പറഞ്ഞു.
ഓട നവീകരണം സംബന്ധിച്ചും ദേശീയപാതയിൽ നിന്നു വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതു സംബന്ധിച്ചും എംഎൽഎ ചർച്ച ചെയ്ത് തീരുമാനമെടുത്ത് പരിഹരിച്ചില്ലെങ്കിൽ കൂടുതൽ നാശനഷ്ടം വ്യാപാരികൾക്കും എൻഎച്ചിന് സമീപമുള്ള വീടുകൾക്കും ഉണ്ടാകുന്ന സാഹചര്യമാണ് വരാൻപോകുന്നതെന്നും യൂണിറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി.
വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.എം. ഷരീഫ്, ബി.ഭദ്രകുമാർ, പ്രഭാകരൻ പത്തിയൂർ, ധനേഷ് കൃഷ്ണ, സുരേഷ് മുഞ്ഞനാട്, ബിജു തമ്പി, വിനോദ് ശക്തി, ബാബുജി കാക്കനാട്, യൂത്ത്വിംഗ് ജില്ലാ വൈസ്പ്രസിഡന്റ് അസിംനാസർ എന്നിവർ സംസാരിച്ചു.