കോലഞ്ചേരി: പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി പാറപ്പൊടിക്കൂനയിൽ താഴ്ത്തിയ സംഭവത്തിൽ പ്രതിയെന്ന് കരുതുന്ന ബംഗാൾ സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പ്രതിയെന്ന് സംശയിക്കുന്ന ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപൻകുമാർ ദാസിനായി അന്വേഷണം. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഒരു ടീമിനെ അവിടേക്ക് അയച്ചിട്ടുണ്ടെന്നും പുത്തൻകുരിശ് സിഐ മഞ്ജുനാഥ് പറഞ്ഞു.
നിരത്ത് കട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിലാണ് ഇന്നലെ രാവിലെ 8.45ഓടെ മൃതദേഹം കണ്ടെത്തിയത്. യൂണിറ്റിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ രാജാ ദാസാണ് കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പാണ് രണ്ടുപേരും ഇവിടെ പണിക്ക് എത്തിയത്.
ഉറങ്ങിക്കിടന്ന രാജാ ദാസിനെ മൂർച്ചയുള്ള ആയുധം വച്ച് തലയ്ക്കടിക്കുകയായിരുന്നു. വലത് ചെവിക്ക് പുറകിലായി ആഴത്തിലുള്ള മൂന്നോളം മുറിവുകളുണ്ട്. കൃത്യം നടത്തിയ പ്രതി മൃതദേഹം ചണച്ചാക്കിലാക്കി വലിച്ചിഴച്ച് ഏകദേശം പത്ത് മീറ്റർ മാറിയുള്ള പാറപ്പൊടി കൂനയിൽ താഴ്ത്തുകയായിരുന്നു.
ജോലി സ്ഥലത്തിനോട് വളരെ ചേർന്ന് തന്നെ ഉള്ള ചെറിയൊരു മുറിയിലായിരുന്നു ഇരുവരും താമസിച്ച് വന്നിരുന്നത്.
തലേദിവസമായ ഞായറാഴ്ചയും ഇവർ ഒരുമിച്ച് യാതൊരു പ്രശ്നവുമില്ലാതെ കഴിഞ്ഞിരുന്നതാണെന്ന് കമ്പനി ഉടമ പറയുന്നു.
കമ്പനിക്ക് സമീപമുള്ള തന്റെ വീടിനോട് ചേർന്നുള്ള ചെടി വെട്ടിമാറ്റാൻ ഞായറാഴ്ച വൈകിട്ടും ഇവർ ഇരുവരും സഹായിച്ചിരുന്നു. രണ്ടു പേർക്കും കഴിഞ്ഞ ശനിയാഴ്ച്ച മൂവായിരം രൂപ വീതം കൊടുത്തിരുന്നു. ഈ പണവും കൊല്ലപ്പെട്ടയാളുടെ കൈവശമുണ്ടായിരുന്ന പണവും കാണാതായിട്ടുണ്ട്.