പേരൂർക്കട: അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രന് ഉന്നതവിദ്യാഭ്യാസവും ക്രിമിനൽ പശ്ചാത്തലവുമുള്ളയാളാണെന്ന് പോലീസ്.
വർഷങ്ങളായി മോഷണം തൊഴിലാക്കിയ ഇയാൾക്കെതിരെ തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. അവിടെ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്.
ഒരു മാസത്തിനു മുമ്പാണ് പേരൂർക്കടയിലെ ഹോട്ടലിൽ സപ്ലയർ ആയി കയറിയത്. എംഎ, ബിഎഡ് വിദ്യാഭ്യാസമുള്ള ആളാണ് ഇയാൾ. വീട്ടുകാരുമായും ബന്ധുക്കളുമായും അടുപ്പം വളരെ കുറവാണ്.
സഹോദരങ്ങൾ ഇയാളെ അടുപ്പിക്കാറില്ല. കാര്യമായി ഉള്ളത് സുഹൃത് വലയം മാത്രം. മോഷ്ടിച്ചെടുത്ത മാല തമിഴ്നാട്ടിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചു എന്നാണ് പ്രതി നൽകിയിരിക്കുന്ന വിവരം.
ശരീരത്തിലുണ്ടായ മുറിവിന് ഇയാൾ പേരൂർക്കട ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുകയായിരുന്നു. അവിടെ രാജൻ എന്ന പേരിലാണ് ഒപി ടിക്കറ്റ് എടുത്തത്.
തനിക്ക് ഭാരിച്ച ജോലി ചെയ്യാൻ സാധിക്കില്ലെന്ന് ഇയാൾ പറഞ്ഞതുകൊണ്ടാണ് ഉടമ ഇയാളെ സപ്ലയർ ആയി മാത്രം ജോലിക്ക് നിർത്തിയത്.
കൃത്യം നടത്തിയതിനുശേഷം മുട്ടട ആലപ്പുറം പാർക്കിന് സമീപത്തെ കുളത്തിൽ ഫുൾകൈ ഷർട്ട് ഉൾപ്പെടെ വലിച്ചെറിഞ്ഞു എന്നും ടിഷർട്ട് ധരിച്ചാണ് സ്കൂട്ടറിൽ യാത്ര ചെയ്തതെന്നുംപോലീസിനോട് പറഞ്ഞു.
ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ മുറിപ്പാടുകൾ ഓട്ടോ ഡ്രൈവർ കണ്ടുവെന്ന് മനസിലാക്കിയതാണ് വസ്ത്രങ്ങൾ മാറാൻ ഇയാളെ പ്രേരിപ്പിച്ചത്.
ഇരുചക്ര വാഹനത്തിന്റെ പിന്നിൽ കയറി ഉള്ളൂരിൽ ഇറങ്ങിയശേഷം വീണ്ടും ഓട്ടോയിൽ പേരൂർക്കടയിലെ ഹോട്ടലിൽ എത്തുകയും അന്നേ ദിവസത്തെ ലീവ് വേണം എന്ന് പറഞ്ഞ് അവിടെ നിന്ന് മുങ്ങുകയുമായിരുന്നു. പിന്നീടാണ് തമിഴ്നാട്ടിൽനിന്ന് പോലീസ് പിടിയിലായത്.