ഒരു യുവതിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് അയൽക്കാർ പോലീസിനെ വിളിക്കുന്നത്. രാത്രി പത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
പോലീസ് ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ യുവതിയുടെ വീട്ടില്‍ എത്തി സംഭവം അന്വേഷിച്ചതോടെയാണ് സത്യം പുറത്തായത്. മുറിയില്‍ ഒരു ചിലന്തിയെ കണ്ടതിനെ തുടർന്നാണത്രേ നിലവിളിച്ചത്.
സ്കോട്ട്ലന്‍ഡിലെ ലിവിംഗ്സ്റ്റണില്‍ നിന്നുള്ള ഹോളി ഹണ്ടര്‍ എന്ന യുവതിയാണ് കഥയിലെ നായിക. രാത്രിയില്‍ ബെഡ് റൂം വൃത്തിയാക്കി കിടക്കാന്‍ ഒരുങ്ങുമ്പോഴാണ് കട്ടിലിനടിയില്‍ ഒരു ചിലന്തിയെ കണ്ടത്.
ഇതോടെയാണ് യുവതി നിലവിളിച്ചത്. പോലീസും ആളുകളും ഹോളിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കരഞ്ഞുകൊണ്ട്, നാണത്തോടെ ചിലന്തിയാണ് വില്ലനെന്ന് വെളിപ്പെടുത്തുകയായിരുന്നു.
ഒടുവില്‍ പോലീസുകാര്‍ തന്നെ എട്ടുകാലിയെ പിടികൂടി. കൈപ്പത്തിയുടെ വലുപ്പമുള്ള ചിലന്തിയായിരുന്നു അത്.
ഞാന്‍ അതിനെ പുസ്തകങ്ങള്‍ കൊണ്ട് തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍, അത് എന്റെ നേരെ ഓടി വന്നു. ഇതോടെ ഭയന്ന് നിലവിളിച്ച് ഓടുകയായിരുന്നു.- ഹോളി പറഞ്ഞു.