കടുമേനി(കാസർഗോഡ്): കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കടുമേനി സർക്കാരിയ കോളനിയിലെ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും രണ്ടു പെണ്‍മക്കളുമുൾപ്പെടെ ആറുപേർ അറസ്റ്റിലായി. രാമകൃഷ്ണന്റെ ഭാര്യ പി.കെ. തമ്പായി(40 ), മകൾ രാധിക(19), പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍, ഇവരുടെ ആണ്‍സുഹൃത്തുക്കളായ പി.എസ്. സനിൽ(19), പി.എം. മഹേഷ്(19), പ്രായപൂർത്തിയാകാത്ത മറ്റൊരു ആണ്‍സുഹൃത്ത് എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണനെ വീടിനു സമീപത്തുള്ള കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു ആദ്യനിഗമനമെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു.
രണ്ട് പെൺമക്കളും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ രാമകൃഷ്ണന് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാമകൃഷ്ണനെ ഭാര്യയും മക്കളും യുവാക്കളുടെ സഹായത്തോടെ സാരി ഉപയോഗിച്ച് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയതിനുശേഷം സാരി അഴിച്ചുമാറ്റി തോർത്തുമുണ്ട് കഴുത്തിൽ കെട്ടി കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോടു സമ്മതിച്ചു. രാമകൃഷ്ണന്റെ പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൾ ഗർഭിണിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സനിലിന്റെ പേരിൽ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സനിലിനെ കാസർഗോഡ് അഡീഷണൽ സെഷന്‍സ് കോടതിയിലും മറ്റ് അഞ്ചുപേരെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി.