അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിമൂന്നുകാരനു 26 വര്‍ഷം കഠിന തടവും 32,000 രൂപ പിഴയും. പിഴത്തുക അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. അടയ്ക്കാത്തപക്ഷം രണ്ടരവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം.ഏനാദിമംഗലം ചാങ്കൂര്‍ കണ്ടത്തില്‍ പറമ്പില്‍ വീട്ടില്‍ അജിത്തിനെയാണ് അടൂര്‍ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
2021 ഓക്ടോബറില്‍ ഇന്‍സ്റ്റഗ്രം വഴി അതിജീവിതയെ പരിചയപ്പെടുകയും തുടര്‍ന്നു നിരന്തരം സന്ദേശമയച്ച് വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിക്കുകയുമായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്നു മാതാവ് വിദേശത്ത് ജോലി തേടിപ്പോയതിനാല്‍ അതിജീവിത മുത്തച്ഛന്റെയും മുത്തശിയുടെയും സംരക്ഷണയില്‍ ആയിരുന്നു.
2022 ജനുവരി മൂന്നിനു പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയും മോര്‍ഫ് ചെയ്തു ഫോട്ടോസ് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും രണ്ടുദിവസം കൂടെ താമസിപ്പിച്ച് ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയെന്നാണു കേസ്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പലരുടെയും കൈയില്‍ നിന്നു പണവും വാങ്ങി. മുത്തശിയുടെ സ്വര്‍ണ മാലയും പ്രതി കൈവശപ്പെടുത്തി.
മാല കാണാതായപ്പോൾ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷത്തില്‍ പെണ്‍കുട്ടിയാണ് വിവരങ്ങൾ പോലീസിനോടു വെളിപ്പെടുത്തിയത്. അടൂര്‍ എസഎച്ച്ഒ ആയിരുന്ന റ്റി.ഡി. പ്രജിഷ് രജിസ്റ്റര്‍ ചെയ്തു ഹാജരാക്കിയ കേസില്‍ പ്രോസിക്യുഷന് ഭാഗത്തുനിന്നും 24 സാക്ഷികളെയും 36 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിതാ പി ജോണ്‍ ഹാജരായി.