ബംഗളൂരു: അച്ഛൻ കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനു പ്രതികാരമായി പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 39കാരൻ അറസ്റ്റിൽ. കർണാടകയിലെ മദനായകഹള്ളിയിലാണു സംഭവം.
പെൺകുട്ടിയുടെ അച്ഛൻ പ്രതിയിൽനിന്ന് 70,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 30,000 രൂപ മടക്കി നൽകി. ബാക്കി 40,000 രൂപയും പലിശയും ലഭിക്കാത്തതിന്റെ പ്രതികാരമായാണ് ഇയാൾ പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്.
പെണ്‍കുട്ടി മാത്രമുണ്ടായിരുന്ന സമയത്തു വീട്ടിലെത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത പ്രതി പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗം, പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.