ചങ്ങനാശേരി: പോളിയോ ബാധിച്ച് തളര്‍ന്ന കൈകള്‍കൊണ്ടു മെനഞ്ഞ ശില്പം അനു കെ. മുരളി സമ്മാനിച്ചപ്പോള്‍ സന്തോഷപുളകിതനായി മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സമ്മാനം ഏറ്റുവാങ്ങി തട്ടില്‍ പിതാവ് അനു കെ. മുരളിയെ ആശ്ലേഷിച്ചു. ക്രിസ്തുജ്യോതി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചെത്തിപ്പുഴ മേഴ്സി ഹോമിന്റെ സുവര്‍ണ ജൂബിലി സമാപന സമ്മേളന വേദിയാണ് അതിരില്ലാത്ത ആഹ്ലാദത്തിന്റെ സംഗമവേദിയായത്.
മേഴ്സി ഹോമിന്റെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ടുള്ള ശില്പമാണ് അനു കെ. മുരളി മാര്‍ റാഫേല്‍ തട്ടിലിനു സമ്മാനിച്ചത്. വേദിയുടെ വശത്തുനിന്നും ഊന്നുവടിയുടെ സഹായത്തോടെ സമ്മാനവുമായി എത്തിയ അനുവിനെ തട്ടില്‍ പിതാവ് ആശ്ലേഷിച്ചപ്പോള്‍ സദസില്‍നിന്നും ഹര്‍ഷാരവം മുഴങ്ങി. സമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് തിരുക്കുടുംബത്തിന്റെ ശില്പവും അനു കെ. മുരളി സമ്മാനിച്ചു.
ഇത്തിത്താനം കൊച്ചുപുരയ്ക്കല്‍ മുരളി-ശോഭ ദമ്പതികളുടെ മകനായ അനുവിന് മൂന്നു വയസുള്ളപ്പോള്‍ പോളിയോ ബാധിച്ച് വലതുകാലും വലതു കൈയും തളര്‍ന്നു മടങ്ങി. ആറുവയസുള്ളപ്പോള്‍ മാതാപിതാക്കള്‍ അനുവിനെ ചെത്തിപ്പുഴ മേഴ്സി ഹോമിലെത്തിച്ചു. 12വര്‍ഷക്കാലം അനു മേഴ്സി ഹോമിന്റെ പരിശീലനത്തിലും ചികിത്സയിലും വളര്‍ന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ അനു തടിയില്‍ ശില്പങ്ങള് മെനയുന്ന ബന്ധുവായ സുരേഷ്കുമാറിന്റെ വര്‍ക്ക്ഷോപ്പില്‍ എത്തുമായിരുന്നു. പണി പഠിക്കാന്‍ ആഗ്രഹമുണ്ടോയെന്ന സുരേഷ്കുമാറിന്റെ ചോദ്യത്തിന് ഉണ്ടെന്ന മറുപടി നല്‍കിയതോടെ അനുവിന്റെ ജീവിതത്തിനു പുതിയ വഴിത്തിരിവായി.
ഇന്ന് തടിയില്‍ ചാരുതയാര്‍ന്ന ശില്പങ്ങള് മെനയുന്ന ശില്പകാരനാണ് മുപ്പത്തിനാലുകാരനായ അനു. മേഴ്സി ഹോമിലെ സിസ്റ്റര്‍മാരുടെ കരുണയും തണലും പരിചരണവുമാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്ന് അനു കെ. മുരളി പറഞ്ഞു.