അഗർത്തല: ത്രിപുരയിൽ അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തിയ നാൽപ്പത്തിയാറുകാരനെ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ടശേഷം തല്ലിക്കൊന്നു. ധലായി ജില്ലയിലാണു സംഭവം.
കൊലക്കേസിൽ എട്ടു വർഷം തടവുശിക്ഷ അനുഭവിച്ചയാളാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി അമ്മയ്ക്കൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ഇയാൾ തൊട്ടടുത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ചശേഷം പ്രതി പോയി. കുട്ടിയുടെ കരച്ചിൽകേട്ട് എത്തിയ സമീപവാസികൾ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ ഗന്ദാചെറാ-അമർപുർ ഹൈവ് ഉപരോധിച്ചിരുന്നു.
ഇന്നലെ രാവിലെ ഒരു സംഘം സ്ത്രീകൾ തൊട്ടടുത്തുള്ള ഗ്രാമത്തിൽനിന്നു പ്രതിയെ പിടികൂടി. ഇയാളെ മരത്തിൽ കെട്ടിയിട്ട് നിർദയം മർദിച്ചു. പ്രതിയെ ആശുപത്രിയെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.