ന്യൂഡൽഹി: പതിമൂന്നു വർഷത്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റനും സീനിയർ താരവുമായ വിരാട് കോഹ്ലി. 2006 നവംബറിൽ തമിഴ്നാടിനെതിരേ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ കോഹ്ലി 2012-13 സീസണിലാണ് അവസാനമായി കളിച്ചത്. ആറു വർഷത്തിനിടെ ആകെ 23 മത്സരങ്ങളടങ്ങുന്ന ആഭ്യന്തര ക്രിക്കറ്റ് കരിയർ.
അരങ്ങേറ്റത്തിൽ പത്ത് റണ്‍സ് എടുത്ത് പുറത്തായെങ്കിലും പിന്നീടുള്ള 22 മത്സരങ്ങളിൽനിന്ന് അഞ്ച് സെഞ്ചുറിയും നിരവധി അർധസെഞ്ചുറിയുമടക്കം 36 ഇന്നിംഗ്സിൽനിന്നായി 50.77 ശരാശരിയിൽ 1574 റണ്‍സ് നേടി.
മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ദേശീയ ടീമിൽ ഇടംപിടിച്ച കോഹ്ലിക്ക് പിന്നീട് പ്രകടനത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടീം പ്രതിരോധത്തിലായ നിരവധി സാഹചര്യങ്ങളിൽ ടീമിനെ ഒറ്റയ്ക്കു തോളിലേറ്റി വിജയം സമ്മാനിച്ച താരം ഇന്ന് ഫോമില്ലായ്മയുടെ പേരിൽ പ്രതിരോധത്തിലാണ്.
2010ൽ ബംഗാളിനെതിരേ 267 പന്തിൽ 173 റണ്‍സ് നേടി ആഭ്യന്തര ക്രിക്കറ്റിലെ ഉയർന്ന സ്കോർ നേടിയ കോഹ്ലി ഫോം കണ്ടെത്തി വിവാദങ്ങൾക്കു മറുപടിയുമായി ദേശീയ ടീമിലേക്കു തിരിച്ചെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
–